മാസപ്പടി കേസില്‍ അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസ പടിയായി സിഎംആര്‍എല്‍ എന്ന കമ്പനി പണം നല്‍കിയെന്നും പകരമായി സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സ്വകാര്യ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഇല്ലെന്ന് കോടതി പറഞ്ഞു.
ഇത് സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില രേഖകള്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നുവെങ്കിലും ഈ രേഖകളില്‍ ഒന്നും സര്‍ക്കാരിന്റെ വഴിവിട്ട സഹായത്തെ സംബന്ധിച്ച തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും വിജിലന്‍സ് വാദിച്ചു.