സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനു പിഴ ചുമത്തില്ല. 500 രൂപയാണ് മാസ്‌ക് ധരിക്കാന്‍ പിഴയായി ചുമത്തിയിരുന്നത്. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഇനി മുതല്‍ ജനങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി 2022 ഏപ്രില്‍ 27 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിച്ചത്. 2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ആളുകള്‍ മാസ്‌ക് ധരിക്കാത്ത സാഹചര്യം വന്നു. പിന്നീട് കോവിഡ് വ്യാപനം വീണ്ടും ഉയരുകയും മാസ്‌ക് നിര്‍ബന്ധമാണെന്ന് ഓര്‍മിപ്പിച്ച് ചീഫ് സെക്രട്ടറി 2022 ഏപ്രില്‍ 27 ന് മറ്റൊരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഈ സര്‍ക്കുലറാണ് ഇപ്പോള്‍ പിന്‍വലിച്ചത്.