തൃത്താലയില്‍ എം.ബി.രാജേഷ് - വി.ടി.ബല്‍റാം പോര് വീണ്ടും
എം.ബി.രാജേഷ് മത്സരിച്ചാല്‍ വീണ്ടും ജയിക്കുമെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ വീണ്ടും ഗ്ലാമര്‍ പോരിനു കളമൊരുങ്ങുന്നു. മന്ത്രി കൂടിയായ എം.ബി.രാജേഷ് തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടും. എംഎല്‍എ എന്ന നിലയില്‍ തൃത്താലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ രാജേഷിനു മേല്‍ക്കൈ നല്‍കുന്നുണ്ട്.
എം.ബി.രാജേഷ് മത്സരിച്ചാല്‍ വീണ്ടും ജയിക്കുമെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍. മണ്ഡലത്തില്‍ രാജേഷ് പൊതുസ്വീകാര്യനും ജനകീയനുമാണ്. മന്ത്രി എന്ന നിലയിലും മണ്ഡലത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇതെല്ലാം പരിഗണിച്ചാണ് രാജേഷ് വീണ്ടും തൃത്താലയില്‍ മത്സരിക്കണമെന്ന സിപിഎം തീരുമാനം.
അതേസമയം മുന്‍ എംഎല്‍എ വി.ടി.ബല്‍റാം തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തും. 2016 ല്‍ 10,547 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വി.ടി.ബല്‍റാമിനെ 2021 ല്‍ 3,016 വോട്ടുകള്‍ക്കാണ് എം.ബി.രാജേഷ് തോല്‍പ്പിച്ചത്. തൃത്താലയ്ക്കു പകരം മറ്റൊരു സുരക്ഷിതമായ സീറ്റ് ബല്‍റാം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബല്‍റാം തൃത്താലയില്‍ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.