സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: അഞ്ച് ലക്ഷം ഫീസ്, ആറു ലക്ഷം ബോണ്ടായി നല്‍കണം - മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി
സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ പുതിയ മാർഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി. പ്രവേശന ഫീസ് അഞ്ച് ലക്ഷമായി തുടരും. സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള 11 ലക്ഷം രൂപയില്‍ ബാക്കി ആറ് ലക്ഷം രൂപയുടെ ബോണ്ട് നല്‍കിയാല്‍ മതിയാകും. മെഡിക്കൽ പ്രവേശനം 31നകം പൂർത്തിയാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.
മെഡിക്കൽ പ്രവേശനം അവതാളത്തിലായ സാഹചര്യത്തിലാണ് പുതിയ വിധിയുമായി ഹൈക്കോടതിയുടെ ഇടപെടൽ നടത്തിയത്. മെഡിക്കൽ പ്രവേശനം പൂര്‍ത്തിയാക്കുന്നതിനായി ഈ മാസം 25നകം സീറ്റ് പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 26ന് രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തണം. 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
പ്രവേശനം ലഭിക്കുന്നവര്‍ക്ക് 29ന് വൈകുന്നേരം 4 മണിവരെ കോഴ്സിന് ചേരാനുള്ള സമയം നല്‍കണം. ഒഴിവ് വരുന്ന സീറ്റുകളിലേക്ക് 30,31 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിഷയത്തില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മാനേജ്‌മെന്റുകളുടെ കൈയ്യിലെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് കോടതി വിമര്‍ശിച്ചു. നേരത്തെ എൻട്രൻസ് കമ്മീഷണറേയും ഹൈക്കോടതി വിമർശിച്ചിരുന്നു.