സ്വാശ്രയം: മുഖ്യമന്ത്രി - മാനേജ്മെന്‍റ് ചർച്ച പരാജയം - ഫീസിളവ് അടഞ്ഞ അധ്യായമെന്ന് മാനേജ്മെന്റുകൾ
സ്വാശ്രയ മാനേജ്മെന്റുകൾ പിന്മാറി, മുഖ്യമന്ത്രിയുമായുള്ള ചർച്ച പൊളിഞ്ഞു
സ്വാശ്രയ മെഡിക്കൽ മാനേജ് മെന്റുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച പാളി. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി മൂന്നുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഫീസ് ഇളവോ സ്കോളർഷിപ്പോ നൽകാനാവില്ലെന്നു മാനേജ്മെന്റുകൾ അറിയിച്ചു.
ഫീസ് ഇളവോ പാവപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പോ നൽകുന്ന കാര്യത്തിൽ ചർച്ചയൊന്നും നടന്നില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട ശേഷം പറഞ്ഞു. വരും വർഷത്തെ പ്രവേശന വിഷയവും സ്വാശ്രയ കോളജുകൾ നേരിടുന്ന പ്രതിസന്ധികളുമാണ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതെന്നും ഇവര്‍ വ്യക്‌തമാക്കി.
ഫീസ് കുറയ്ക്കാനും പാവപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്താനും ഏകദേശം ധാരണയായ ശേഷമായിരുന്നു മുഖ്യമന്ത്രിയുമായി ചർച്ച. എന്നാൽ ചർച്ചയ്ക്ക് ശേഷം ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചില്ലെന്ന നിലപാടാണ് മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചത്.
സ്വാശ്രയ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നിരാഹാരമിരിക്കുന്ന യുഡിഎഫ് എംഎൽഎമാരെ ആശുപത്രിയിലേക്കു മാറ്റി. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരെയാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ഇവർക്കു പകരം എംഎൽഎമാരായ വിടി ബൽറാമും റോജി എം ജോണും സമരം ഏറ്റെടുത്തു.