സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി; ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി
വിദ്യാർത്ഥി സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ പരാമർശം.
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മന്ത്രി ജെ ചിഞ്ചുറാണി. മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ചിഞ്ചുറാണി പറഞ്ഞു. വിദ്യാർത്ഥി സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ പരാമർശം.
കൊച്ചിയിലെ സിപിഐ വനിത സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി വിവാദ പരാമർശവുമായി രംഗത്തെത്തിയത്. ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്റെ മുകളിൽ കയറി. ചെരിപ്പെടുക്കാൻ പോയപ്പോൾ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്.
കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ ഇതിന്റെ മുകളിൽ ഒക്കെ ചെന്ന് കേറുമ്പോൾ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികൾ പറഞ്ഞിട്ട് പോലും അവൻ അവിടെ കയറിയതാണ്. മരണപ്പെട്ട വിദ്യാർത്ഥിയെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
അതേസമയം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അപകടത്തിന് കാരണം കെഎസ്ഇബിയുടെയും സ്‌കൂൾ അധികൃതരുടെയും വീഴ്ചയാണെന്ന് അറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ചിഞ്ചുറാണി വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി വിവാദ പരാമർശം നടത്തിയത്.
അതേസമയം, കൊല്ലം തേലവാക്കര ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥിയായ മിഥുൻ (13) ആണ് മരണപ്പെട്ടത്. രാവിലെ 8.30 ഓടെ സ്‌കൂളിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. സ്‌കൂൾ വളപ്പിലെ ഒരു ഷെഡിന്റെ മേൽക്കൂരയിൽ കുടുങ്ങിയ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് മിഥുൻ അപകടത്തിൽപ്പെട്ടത്.