കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായി തന്നെ അവഗണിച്ചതില്‍ വിമര്‍ശനവുമായി സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ആന്ധ്രാപ്രദേശ്,ബിഹാര്‍,ജാര്‍ഖണ്ഡ് മുതലായ പല സംസ്ഥാനങ്ങളിലും വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടായപ്പോള്‍ ഇത്തവണത്തെ ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശ നല്‍കുന്നതായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബജറ്റിനെതിരെ മന്ത്രിയുടെ പ്രതികരണം.
കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റെന്ന് മന്ത്രി റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം നായിഡുവിനെയും നിതീഷിനെയും മാത്രം പരിഗണിച്ചുള്ള എന്‍ സ്‌ക്വയര്‍ ബജറ്റാണിതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. കേരളത്തില്‍ നിന്നും ഒരു ബിജെപി എം പിയെ സമ്മാനിച്ചത് വെറുതെയായെന്നും ബജറ്റില്‍ കേരളത്തെ പരാമര്‍ശിച്ചത് പോലുമില്ലെന്നും ബിജെപി ഇതര സംസ്ഥാനങ്ങളോടെ ചിറ്റമ്മ നയമാണ് ബജറ്റില്‍ കാണിച്ചതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.