Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനധികൃത ഭക്ഷണശാലകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയതായി മന്ത്രി എംവി ഗോവിന്ദന്‍

അനധികൃത ഭക്ഷണശാലകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയതായി മന്ത്രി എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 ജൂണ്‍ 2022 (19:21 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ പരിശോധന കര്‍ശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.  സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകള്‍ക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും, പിഴ ഈടാക്കുന്നതുമുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.
 
സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ  3599 ഭക്ഷണശാലകളില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 545 ഭക്ഷണശാലകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1613 ഭക്ഷണശാലകള്‍ക്ക് നോട്ടീസ് നല്‍കുകയും 627 ഭക്ഷണശാലകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. 19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ച് ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി. 92 ഭക്ഷണശാലകള്‍ പരിശോധന സമയത്ത് തന്നെ അടപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന 131 ഭക്ഷണശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
 
ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഫീല്‍ഡ് പരിശോധന നടക്കുന്നുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങള്‍, പഴകിയ എണ്ണ എന്നിവ  പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര  സാധനങ്ങള്‍ വില്‍പ്പന നടത്തിയ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയും ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തുടര്‍ പരിശോധനകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമര്‍ദ്ദ പാത്തിയും പടിഞ്ഞാറന്‍ കാറ്റും; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ കനക്കും