Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുനീര്‍ ജയിക്കുമായിരിക്കാം; എന്നാല്‍, ഇന്ത്യാവിഷനിലെ ആ പഴയ ഡ്രൈവര്‍, സാജന്‍ തോല്‍ക്കില്ല

ചാനലിലെ ഡ്രൈവറായിരുന്ന സാജന്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്

മുനീര്‍ ജയിക്കുമായിരിക്കാം; എന്നാല്‍, ഇന്ത്യാവിഷനിലെ ആ പഴയ ഡ്രൈവര്‍, സാജന്‍ തോല്‍ക്കില്ല
, വ്യാഴം, 28 ഏപ്രില്‍ 2016 (17:15 IST)
തൊഴിലാളികളുടെ രക്തം കുടിച്ചു ചീര്‍ത്ത ചാനല്‍ മുതലാളിയെന്ന പരിവേഷമുള്ള മന്ത്രി എം കെ മുനീര്‍. ജീവനക്കാര്‍ പട്ടിണി കിടന്നപ്പോഴും കൊടിവെച്ച കാറില്‍ യാതൊരു സങ്കോചവുമില്ലാതെ ചിരിക്കുന്ന മുഖവുമായി ആളുകളെ കമ്പളിപ്പിച്ച ഇന്ത്യാവിഷന്‍ മേധാവി. വെയിലെന്നോ മഴയെന്നോ നോക്കാതെ ജോലി ചെയ്‌തിരുന്ന ജീവനക്കാരോട് ഒറ്റരാത്രി കൊണ്ട് സുല്ലു പറഞ്ഞു പോയ ഇദ്ദേഹം പതിവുപോലെ ഇത്തവണയും തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടെങ്കിലും തന്റെ പഴയ ജീവനക്കാരനെ നേരിടേണ്ടി വരുന്ന സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാതെ ഉഴലുകയാണ്.  

ചാനല്‍ അന്ത്യശ്വാസം വലിച്ചപ്പോഴും ഊണും ഉറക്കവും കളഞ്ഞ് ജോലി ചെയ്‌തിരുന്ന വ്യക്തിയായ എ കെ സാജനാണ് മുനീറിന് നേരിടേണ്ട വ്യക്തികളില്‍ ഒരാള്‍. കോഴിക്കോട് സൌത്ത് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ മുനീര്‍ വിജയം ആവര്‍ത്തിക്കാനും ഇടതുപിന്തുണയോടെ മത്സരിക്കുന്ന ഐ എന്‍ എല്‍ 2006 ആവര്‍ത്തിക്കാനും പോരാട്ടം നടത്തുന്നതിനിടയിലേക്കാണ് ഇന്ത്യാവിഷനില്‍ ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ കൂട്ടത്തിലുള്ള ഒരാളായ സാജന്‍ സ്വതന്ത്രനായി മത്സരരംഗത്തെത്തുന്നത്. ചാനലിലെ ഡ്രൈവറായിരുന്ന സാജന്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ശക്തമായ മുന്നണിയുടെ ഭാഗമായ മുനീറിനോട്  ഞങ്ങളുടെ ശമ്പളമെവിടെ എന്ന് ചോദിക്കാനും കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സാജന് മടിയില്ല.

ചാനല്‍ പൂട്ടേണ്ട അവസ്ഥയിലാണെന്ന് തോന്നിയതു മുതല്‍ മുനീര്‍ ജീവനക്കാര്‍ക്ക് ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നില്ല. ബ്യൂറോ എക്‌സ്പെന്‍സ്, ടാക്‌സി വാടക, ഓഫീസ് വാടക ഇതൊന്നും നല്‍കിയിരുന്നില്ല. പല ജീവനക്കാരും സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്തായിരുന്നു വാഹനത്തിന് എണ്ണയടിച്ചത്. 2015 ഫെബ്രുവരിയില്‍ ചാനല്‍ പൂട്ടിയതോടെ നൂറുകണക്കിന് ജീവനക്കാര്‍ വഴിയാധാരമായി. പത്രപ്രവര്‍ത്തക യൂണിയനും തൊഴില്‍ വകുപ്പും ഇടപെട്ടിട്ടും പണം നല്‍കാന്‍ മുനീര്‍ തയ്യാറായില്ല. ഇതോടെ കമ്പനിയോട് യാത്രപറഞ്ഞ് പടിയിറങ്ങിയവരില്‍ ഒരാളാണ് സാജന്‍. ജീവനക്കാരോട് സംസാരിക്കാനോ സാഹചര്യങ്ങള്‍ കേള്‍ക്കാനോ മടി കാണിച്ച മന്ത്രിക്കെതിരെയുള്ള പോരാട്ടമായിട്ടാണ് ഈ പുതിയങ്ങാടിക്കാരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുനീറിനെ നേരിടാന്‍ ഇറങ്ങുന്നത്.

വലിയ ഒരു സംഘം മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നേതാക്കളും വ്യക്തികളും സാജന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ജയിക്കാനല്ലെങ്കിലും തോല്‍ക്കാതിരിക്കാനുള്ള പോരാട്ടമാണ് ഇതെന്നാണ് സാജന്‍ പറയുന്നത്. കോഴിക്കോട് അങ്ങാടിയിലൂടെ ടാക്‌സി കാര്‍ ഓടിച്ച് ജീവിതം തള്ളി നീക്കുമ്പോഴും ഉറച്ച മനസും തോല്‍ക്കാതിരിക്കാനുമുള്ള മനസുമാണ് സാജന് കൈമുതലായിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഗോദയില്‍ എല്ലാ സഹൃദയരായ സുഹൃത്തുക്കളുടെയും പിന്തുണ ആവശ്യപ്പെടുന്ന സാജന് കരുത്ത് പകരുന്നത് മാധ്യമലോകത്തുള്ള ഒരു കൂട്ടമാളുകളാണ്. സഹപ്രവര്‍ത്തകര്‍ നല്‍കുന്ന തുച്ഛമായ കാശുകൊണ്ടാണ് പ്രചാരണത്തിനിറങ്ങുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം പണം ഇറക്കിയുള്ളൊരു മത്സരമല്ലിത്, മറിച്ച് അതിജീവനം വഴിമുട്ടിയന്റെ പോരാട്ടമാണെന്നും ആവര്‍ത്തിക്കുന്നുണ്ട് സാജന്‍.

കെട്ടിവെച്ച കാശ് പോലും തിരികെ ലഭിക്കില്ലെന്ന് വ്യക്തമായി അറിയായിരുന്നിട്ടും സാജന്‍ മത്സരരംഗത്ത് എത്തിയത് ജീവിതത്തിന്റെ പരക്കം പാച്ചിലിലും തോറ്റിട്ടില്ലെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്. മുനീര്‍ എന്ന കാപട്യക്കാരന്റെ മുഖം ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നു കാട്ടുന്നതിനും തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ സാധാരണക്കാരോട് വിളിച്ചു പറയുന്നതിനുമാണ് ഈ തെരഞ്ഞെടുപ്പിനെ സാജന്‍ കാണുന്നത്. ഇന്ത്യാവിഷന്റെ അവസാനനാളുകളില്‍ സാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ചാനലിനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ നടത്തിയ കഷ്‌ടപ്പാടുകളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുജിത് ചന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത് നിരവധിയാളുകളായിരുന്നു ഷെയര്‍ ചെയ്തത്. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

കോഴിക്കോട് ഇന്ത്യാവിഷനിൽ ഡ്രൈവറായിരുന്ന എകെ സാജനെ എനിക്കറിയാം.

ഏഷ്യാനെറ്റ് ന്യൂസിൻറെ കോഴിക്കോട് ബ്യൂറോയിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത് ഓഫീസിന് തൊട്ടടുത്തുള്ള ഗാർളിക് റൂട്‌സ് ഓപ്പൺ റസ്റ്ററൻറിൽ ജ്യൂസ് കുടിക്കാനിരുന്ന ഉച്ചനേരങ്ങളുടെ വേനൽച്ചൂടുള്ള ഓർമ്മയോടൊപ്പമാണ് അങ്ങേര് ആദ്യം മനസ്സിലേക്ക് വരുന്നത്. റസ്റ്ററൻറിലെ സപ്ലയറും സുഹൃത്തുമായ വയനാടുകാരൻ ബിജുക്കുട്ടൻ ടേബിളിൽ കൊണ്ടുവയ്‌ക്കാനിരിക്കുന്ന പൊമഗ്രനേറ്റ് ജ്യൂസിൻറെ സുഖദമായ ഓർമ്മയിൽ പെഡസ്റ്റൽ ഫാനിൻറെ കാറ്റുംകൊണ്ട് തണുക്കാനിരിക്കുന്പോൾ, പച്ചയോല കത്തുന്ന ഉച്ചവെയിലിൽ സാജൻ ചേട്ടൻ ചെറൂട്ടി റോഡിൽനിന്ന് നാലാം ഗേറ്റ് നൂഴ്‌ന്ന് പായുന്നതുകാണാം.

ഇന്ത്യാവിഷൻ ഊർദ്ധശ്വാസം വലിക്കുന്ന അവസ്സാന കാലമായിരുന്നു അത്. മാസങ്ങളായി ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുന്നു. മിക്ക വാർത്തകളും ഇന്ത്യാവിഷനുവേണ്ടി കവർ ചെയ്യാൻ ആളുണ്ടാവുമായിരുന്നില്ല. വെയിലത്ത് എകെ സാജൻ ആഞ്ഞുനടക്കുന്നത് മറ്റ് ചാനലാപ്പീസുകളിലേക്കാണ്. വിയർത്തൊട്ടിയ ഷർട്ടിൻറെ പോക്കറ്റിൽ ഒരെട്ടു ജിബി പെൻഡ്രൈവുകാണും, വാർത്താദൃശ്യങ്ങളുടെ കോപ്പിയെടുക്കാനുള്ള ഓട്ടമാണ്. വണ്ടിയിൽ എണ്ണയടിക്കുന്നത് അരിഷ്ടിച്ചാണ്. ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്താൻ വേണ്ടി വണ്ടിയെടുത്തുപോകുന്നത് തൻറെ സ്ഥാപനത്തിൻറെ അന്നത്തെ ധനസ്ഥിതിക്ക് ആർഭാടമാണെന്ന സ്വയം ബോധ്യത്തിലാണ് പൊരിവെയിലത്തെ ഈ കാൽനടസഞ്ചാരം. ഇതിനിടെ നോട്ടം കൂട്ടിമുട്ടിയാൽ നെറ്റിയിലെ വിയർപ്പുവടിച്ചെറിഞ്ഞ് നിറഞ്ഞുചിരിച്ച് എകെ സാജൻ കൈവീശിക്കാട്ടും. 'വാ.. വെള്ളം കുടിച്ചിട്ടു പൂവാം' ന്ന് കൈകാട്ടി വിളിച്ചാൽ രണ്ടുമണി ബുള്ളറ്റിൻ എന്നാംഗ്യം കാട്ടി ധൃതിപ്പെട്ട് നടത്തം തുടരും.

കോഴിക്കോട് ബ്യൂറോയിലെ മിക്ക റിപ്പോർട്ടർമാരും ക്യാമറാമാൻമാരും വിട്ടുപോയിരുന്നു. ഒട്ടുമിക്ക ജേണലിസ്റ്റുകളും ക്യാമറാമാൻമാരുമെല്ലാം സുരക്ഷിതമാളങ്ങൾ തേടിക്കൊണ്ടിരുന്ന അക്കാലത്തും കുടിശ്ശികയിനത്തിൽ കിട്ടാനുള്ള പതിനായിരങ്ങളിലും (അതോ ലക്ഷങ്ങളോ?) മാനേജ്‌മെൻറിലും പ്രതീക്ഷയർപ്പിച്ച് എകെ സാജൻ ഇന്ത്യാവിഷനൊപ്പം നിന്നു. ഒക്കെ ശരിയാവുമെന്ന് ഉറച്ചു വിശ്വസിച്ചു.

ഒരുമണി റൗണ്ടപ്പ് ബുള്ളറ്റിൻറെ തിരക്കൊഴിഞ്ഞാൽ മറ്റ് ചാനലുകളിലെ ഓട്ടപ്പാച്ചിൽ ഒട്ടൊഴിയും. ആ സമയം നോക്കി ഇനി വരുന്ന ബുള്ളറ്റിനിലെങ്കിലും സ്വന്തം ചാനലിൽ വാർത്ത കാണിക്കാൻ പെൻഡ്രൈവുമായി വാർത്താദൃശ്യങ്ങൾ യാചിച്ച് ചാനലാപ്പീസുകളിലേക്ക് ഇന്ത്യാവിഷൻറെ അവസ്സാന വാർത്താബുളളറ്റിൻ വരെ സാജൻ ചേട്ടൻ ഓടിക്കൊണ്ടിരുന്നു...

ആ ആത്മാർത്ഥത അതേയളവിൽ കാട്ടിയ വേറെയും ഒരുപാടുപേരുടെ കണ്ണീരും വിയർപ്പുമായിരുന്നു ഇന്ത്യാവിഷൻറെ അക്കാലത്തെ ഓരോ വാർത്തയും. പഴയ ത്യാഗത്തിൻറെ ചക്കച്ചുളക്കഥകളുടെ വായിച്ചറിവേയുള്ളൂ. എന്നാൽ ഈ എഴുതിയത് എനിക്കു നേരിട്ടുബോധ്യമുള്ള കാര്യമാണ്.

അതേ എകെ സാജൻ ഇന്ത്യാവിഷൻ ചെയർമാൻ ഡോ.എംകെ മുനീറിനെതിരെ കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടത്രേ. ജയിക്കാനല്ലെന്ന് അങ്ങേർക്ക് നല്ല ഉറപ്പുണ്ടാകും. കെട്ടിവച്ച കാശും തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടുതന്നെയാകും. പക്ഷേ വിശപ്പ് അങ്ങനെയാണ്, ജയിക്കുമെന്ന് ഒരുറപ്പുമില്ലെങ്കിലും തോൽക്കാതിരിക്കാൻ മനുഷ്യരെ സമരസജ്ജരാക്കും. അത്തരക്കാരെ ലോകം അന്തസ്സുള്ളവർ എന്നു വിളിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃതപരീക്ഷ; സംസ്ഥാനസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ഇതോടെ റദ്ദായി