രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ അറസ്റ്റുണ്ടായിരിക്കുന്ന വാര്‍ത്ത കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. നേരത്തെ 2 പരാതികള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും കോടതിയില്‍ പോയി അറസ്റ്റ് തടയാന്‍ രാഹുലിനായിരുന്നു.ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കമുള്ള പരാതികളാണ് മൂന്നാമത്തെ പരാതിയിലുള്ളത്. വിദേശത്തുള്ള പരാതികാരി ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയത്. മുന്‍പ് 2 തവണ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇത്തവണ അതീവരഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
പത്തനംതിട്ടക്കാരിയായ യുവതിയെ രാഹുല്‍ ഹോട്ടലില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഇ- മെയില്‍ വഴി ഡിജിപിക്കാണ് യുവതി പരാതി അയച്ചത്. പിന്നാലെ രാഹുലിനെതിരെ നേരത്തെ ലഭിച്ച പരാതികളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വീഡിയോ കോളിലൂടെ യുവതിയുടെ മൊഴിയെടുത്തു.രാഹുലിനെതിരെ വന്ന ആദ്യ പരാതിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം പരാതിയില്‍ തിരുവനന്തപുരത്തെ വിചാരണകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അതീവ രഹസ്യമായാണ് രാഹുലിന്റെ അറസ്റ്റുണ്ടായത്. കഴിഞ്ഞ തവണത്തേത് പോലെ രാഹുല്‍ ഒളിവില്‍ പോകാതിരിക്കാനും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതിരിക്കാനുമായിരുന്നു ഈ നീക്കം. ഞായറാഴ്ച പുലര്‍ച്ചെ 12.15 ഓടെ ഹോട്ടലിലെത്തിയ പോലീസ് സംഘം റിസപ്ഷനിലുണ്ടായിരുന്ന ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ വാങ്ങിവെച്ച ശേഷമാണ് കസ്റ്റഡിനീക്കങ്ങളിലേക്ക് കടന്നത്. 2 ജീപ്പുകളിലായി എട്ടംഗസംഘമാണ് ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത് . രാഹുല്‍ മുറിയിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ചാണ് പോലീസ് മുറി തുറന്നത്.