ആനക്കൊമ്പ് കേസ്; മോഹന്‍ലാലിന് വേണ്ടി ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍

തിങ്കള്‍, 20 മെയ് 2019 (16:22 IST)
ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിന് വേണ്ടി ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍ അഡ്വ. രശ്മി ഗൊഗോയി. ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാലിന് വേണ്ടി അഡ്വ. രശ്മി ഹൈക്കോടതിയില്‍ ഹാജരായത്. ആനക്കൊമ്പ് വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്. സിക്കു മുഖോപാധ്യായ ആണ് മോഹൻലാലിന്റെ അഭിഭാഷകൻ. അദ്ദേഹത്തിന് ഹാജരാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് രശ്മി ഗൊഗോയ് എത്തിയത്.
 
കേസില്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് സുക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു.
 
2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിലകൽപ്പിക്കേണ്ടത് ജനങ്ങളുടെ വോട്ടിനോ, അതോ എക്സിറ്റ് പോളിനോ ?