Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേതത്തെ ഓടിച്ച 'ഇവളാ'ണ് ആലപ്പുഴയിലെ ഹീറോ!

സിനിമ പറഞ്ഞത് സത്യമല്ല, 'ഇവൾക്ക്' പ്രേതത്തെ പേടിയില്ല; പ്രേതം ഈ പെൺപുലിക്ക് മുന്നിൽ പേടിച്ചു വിറച്ചു!

സിനിമ
ആലപ്പുഴ , വ്യാഴം, 15 ഡിസം‌ബര്‍ 2016 (19:05 IST)
മലയാളത്തിലെ പ്രേത സിനിമകളിൽ ഒരു നായ ഉണ്ടായിരിക്കും. പ്രേതം വരുമ്പോൾ ഒന്നുങ്കിൽ നായ മരിക്കും, അല്ലെങ്കിൽ പേടിച്ച് ഓടിപ്പോകും. എന്നാൽ ആലപ്പുഴയിൽ സംഭവിച്ചത് മറ്റൊന്നാണ്. നായയെ കണ്ട് സാക്ഷാൽ പ്രേതം പേടിച്ചോടി. സംഭവം വേറൊന്നുമല്ല, ആഴ്ചകളായി നാട്ടുകാരെ വട്ടംകറക്കിയിരിക്കുന്ന പ്രേത ശല്യത്തിന് അപ്രതീക്ഷിതമായി വിരാമം ഉണ്ടായി. നാട്ടുകാരെ വിറപ്പിച്ച പ്രേതത്തെ ഓടിച്ചത് തെരുവ്‌ നായ. 
 
ആലപ്പുഴ നഗരസഭയിലെ കൈതവന വാർഡിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന വെള്ള വേഷധാരിയുടെ വിളയാട്ടമാണ് തെരുവുനായയുടെ ശൗര്യത്തിന് മുന്നിൽ അവസാനിച്ചിരിക്കുന്നത്. ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ യുവാക്കളും പോലീസുമുൾപ്പെടെ തിരച്ചിൽ നടത്തിയിട്ടും പിടികൂടാൻ കഴിയാതിരുന്ന പ്രേതത്തെ കഴിഞ്ഞ ദിവസമാണ് പ്രസവിച്ചുകിടന്ന പട്ടി ഓടിച്ചിട്ട് കടിച്ചത്. 
 
രാത്രിയിൽ പട്ടിയുടെ കുര എല്ലാവരും കേട്ടെങ്കിലും ആരും പുറത്തിറങ്ങിയില്ല. പേടി തന്നെ കാര്യം. പട്ടി പ്രേതത്തെ പിടിച്ചതാണോ അതോ പ്രേതം പട്ടിയെ പിടിച്ചതാണോ എന്ന് ആർക്കും മനസ്സിലായില്ല. ഒരു പരീക്ഷണത്തിനായി ആരും ശ്രമിച്ചില്ല. പട്ടിയെ ഓടിക്കുന്നതിനായുള്ള പുരുഷശബ്ദം കേൾക്കുകയും ചെയ്തിരുന്നു. പുലർച്ചെ നോക്കിയപ്പോഴാണ് സ്‌ഥലത്ത് ചോരപ്പാടുകൾ കണ്ടത്. പട്ടിയുടെ ആക്രമണത്തിന് ശേഷം പ്രദേശത്ത് വെള്ളവേഷ ധാരിയുടെ ശല്യം ഇല്ലാതായിരിക്കുകയാണ്.
 
രാത്രികാലങ്ങളിൽ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നവർക്കു മുന്നിൽ അപ്രതീക്ഷിതമായെത്തുന്ന വെള്ളവസ്ത്രം ധരിച്ചെത്തിയ രൂപം പലരെയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് പുലർച്ചെ 1.30 ഓടെ നഗരത്തിൽ നിന്നും പ്രദേശത്തേക്ക് സവാരിക്കെത്തിയ ഓട്ടോ ഡ്രൈവർ തിരികെ പോകുന്നതിനിടയിൽ മാത്തൂർ ലൈൻ റോഡിലെ നടുപ്പറമ്പ് മൂലയിൽ വച്ച് ഈ രൂപത്തെ കണ്ടിരുന്നു. ഭയപ്പെട്ട ഇയാൾ മറ്റൊരുവഴി ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു.
 
തുടർന്ന് പലർക്കും ഇത്തരത്തിൽ അനുഭവമുണ്ടായെന്ന് വ്യക്തമായതോടെയാണ് പ്രേതബാധ ശല്യം ആദ്യം പുറത്താകുന്നത്. തുടർന്ന് പ്രദേശവാസികളായ യുവാക്കളുടെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ പെട്രോളിംഗ് നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അർദ്ധരാത്രിക്ക് ശേഷം പ്രദേശത്തെ റോഡിലൂടെ ഈ രൂപം സഞ്ചരിക്കുന്നത് പലതവണ ശ്രദ്ധയിൽപ്പെട്ടുവെങ്കിലും ആളെക്കൂട്ടി പരിശോധന നടത്തുമ്പോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വാർഡിലെ ഉൾപ്രദേശങ്ങളിലൊരിടത്തുവച്ച് പ്രേതത്തെ പട്ടി കടിച്ചുകുടഞ്ഞത്. ഏതായാലും തെരുവുനായെ കൊണ്ടു പ്രേതത്തിന്റെ ശല്യമൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. പ്രേതത്തെ ഓടിച്ച നാട്ടിൽ ഇപ്പോൾ ഹീറോയിനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമവും എര്‍ദോഗന്റെ ‘കാഞ്ഞ’ ബുദ്ധിയും!