നടിയെ ആക്രമിച്ച സംഭവം: വെട്ടിലായ മുകേഷിനെ രക്ഷിക്കാന്‍ മന്ത്രി നേരിട്ട് - പ്രസ്താവന വൈകാരികമെന്ന് മേഴ്സിക്കുട്ടിയമ്മ
വെട്ടിലായ മുകേഷിനെ രക്ഷിക്കാന്‍ മന്ത്രി നേരിട്ട് - പ്രസ്താവന വൈകാരികമെന്ന് മേഴ്സിക്കുട്ടിയമ്മ
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിക്കുകയും മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്ത നടനും എംഎൽഎയുമായി മുകേഷിനെ പരോക്ഷമായി പിന്തുണച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
മുകേഷിന്റെ പ്രസ്താവന വൈകാരികമാകാം. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കി സംഭവം വഴിതിരിച്ചു വിടരുത്. സര്‍ക്കാര്‍ ഇരയുടെ പക്ഷത്താണ് അടിയുറച്ച് നില്‍ക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
അമ്മയുടെ മീറ്റിംഗിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുകേഷ് രൂക്ഷമായി സംസാരിച്ചിരുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെയാണ് മുകേഷ് ക്ഷോഭിച്ച് സംസാരിച്ചത്.
അതേസമയം, മുകേഷിനെതിരെ എൽഡിഎഫ് കൊല്ലം ജില്ലാ നേതൃത്വം രംഗത്തെത്തി. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് കൊല്ലം ജില്ല കണ്‍വീനര്‍ എന്‍ അനിരുദ്ധന് വ്യക്തമാക്കി.
ഭരണകക്ഷി എംഎല്‍എയായ മുകേഷ് ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയനായോ എന്നു സംശയിക്കണം. ദിലീപ് അദ്ദേഹത്തിന്റെ സുഹൃത്തായിരിക്കാം, എന്നാല്‍ മുകേഷ് ജനപ്രതിനിധിയാണെന്ന് ഓര്‍ക്കണം. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും അനിരുദ്ധന് ആവശ്യപ്പെട്ടു.