ശബരിമല യുവതീ പ്രവേശനം,പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ വൈകിയ വേളയിലെങ്കിലും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് കേരളീയ പൊതുസമൂഹത്തിന്റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ശബരിമല വിഷയം,പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ കേരള സര്‍ക്കാരിന് ആവശ്യപ്പെട്ടെങ്കിലും ദുരഭിമാനിയായ മുഖ്യമന്ത്രി ഇത് ഉള്‍ക്കൊള്ളാന്‍ ആദ്യം തയ്യാറായില്ല. ശബരിമല വിഷയുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ വീട്ടമ്മമാരുള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളുടെ പേരില്‍ നിസ്സാരകാരണങ്ങള്‍ക്കാണ് സര്‍ക്കാര്‍ കേസെടുത്തത്. ഇത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസും എന്‍എസ്എസ് പോലുള്ള സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കുന്ന തിരിച്ചറിവില്‍ നിന്നാണ് ഒടുവില്‍ ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.ഗത്യന്തരമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. സര്‍ക്കാര്‍ നടപടി ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും അധികാരത്തില്‍ എത്തിയാല്‍ ഈ കേസുകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയാതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.