മലപ്പുറത്ത് മാത്രം ഈ വര്‍ഷം 13,643 മുണ്ടിനീര് കേസുകള്‍; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ഈ വര്‍ഷം മാത്രം ജില്ലയില്‍ 13,643 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. വൈറസ് പരത്തുന്ന ഈ രോഗം വായുവിലൂടെ പകരുന്നതാണ്. ഉമിനീര്‍ഗ്രന്ഥികളെയാണ് രോഗം ബാധിക്കുക. അസുഖ ബാധിതര്‍ രോഗം പൂര്‍ണമായും മാറുന്നതുവരെ വീട്ടില്‍ കഴിയുക.
രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കണം. പത്ത് വയസില്‍ താഴെയുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.
ഉമിനീര്‍ സ്പര്‍ശനം വഴി ശരീരത്തില്‍ കടക്കുന്ന വൈറസ് രണ്ട് മുതല്‍ 18 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാക്കാന്‍ തുടങ്ങും. പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന എന്നീ രോഗലക്ഷണങ്ങളും മുണ്ടിനീരിനു കാണിക്കും. വീക്കം വരുന്നതിനു അഞ്ച് ദിവസം മുന്‍പ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. മീസില്‍സ് റൂബെല്ല വാക്‌സിന്‍ ആണ് രോഗത്തിനെതിരായ പ്രധാന പ്രതിരോധം.