സര്‍ക്കാരിനു നന്ദി, സാധാരണക്കാരനു ഇങ്ങനൊരു വീട് സാധ്യമല്ല; സന്തോഷം പങ്കുവെച്ച് ദുരന്തബാധിതര്‍
മാതൃക വീട് കണ്ട ദുരന്തബാധിതര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ മാതൃക വീട് നാടിനു സമര്‍പ്പിച്ചു. ടൗണ്‍ഷിപ്പിലെ എല്ലാ വീടുകളുടെയും നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. 2026 ജനുവരി ഒന്നിന് താക്കോല്‍ദാനം നിര്‍വഹിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
മാതൃക വീട് കണ്ട ദുരന്തബാധിതര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. തങ്ങളെ പോലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇത്ര സൗകര്യങ്ങളോടു കൂടിയ വീട് നിര്‍മിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിനു നന്ദി പറയുന്നതായും ദുരന്തബാധിതര്‍ പറഞ്ഞു.
അതിജീവിതര്‍ക്കായി ടൗണ്‍ഷിപ്പാണ് സര്‍ക്കാര്‍ പണികഴിപ്പിക്കുന്നത്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. അഞ്ച് സോണുകളിലായി 410 വീട്. നിലവില്‍ 122 വീടിനു നിലമൊരുക്കി കഴിഞ്ഞു. 51 എണ്ണത്തിനു മണ്ണ് പരിശോധന പൂര്‍ത്തിയായി. 27 വീടിന്റെ അടിത്തറ പണികള്‍ കഴിഞ്ഞു. 20 എണ്ണത്തിനു പില്ലര്‍ ഉയര്‍ന്നു. 12 മീറ്റര്‍ വീതിയില്‍ പ്രധാന റോഡും ക്ലസ്റ്ററുകളിലേക്ക് പ്രത്യേക പാതകളും നിര്‍മിക്കുന്നുണ്ട്.
ടൗണ്‍ഷിപ്പിന്റെ പ്രവര്‍ത്തി ആരംഭിച്ച് 105 ദിവസം കൊണ്ട് മാതൃകാവീട് പൂര്‍ത്തീകരിച്ചു. ദുരന്തബാധിതര്‍ക്ക് മാതൃകാവീട് കാണാന്‍ അവസരമുണ്ട്. ഏഴ് സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടിയിലാണ് മാതൃകാ വീട്. രണ്ട് കിടപ്പുമുറി, രണ്ട് ശുചിമുറി, സിറ്റൗട്ട്, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയാണ് മാതൃകാവീടില്‍ അടങ്ങിയിരിക്കുന്നത്.