ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ല, കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് തെളിയിക്കാം: ഇ ചന്ദ്രശേഖരന്‍
മുഖ്യമന്ത്രിക്ക് മറുപടിയുമായി റവന്യുമന്ത്രി
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തളളി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഗുഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കട്ടെയെന്നും ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കൈയേറ്റമൊഴിപ്പിക്കലാണ് സര്‍ക്കാരിന്റെ പണി. അല്ലാതെ എവിടെയെല്ലാമാണ് കുരിശ് വച്ചിട്ടുള്ളതെന്ന് അന്വേഷിച്ച് നടക്കലല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ഥലം കൈയേറി ഭീമന്‍കുരിശ് സ്ഥാപിച്ചത് ഒഴിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി ആദ്യം മുതല്‍ തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ മേഖലാ തലയോഗത്തില്‍ ഗൂഢാലോചനയുണ്ടെന്ന പരാമര്‍ശം ഊയരുകയും ചെയ്തിരുന്നു.