നിലപാടിലുറച്ച് മുഖ്യമന്ത്രി; മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിർത്തിവെച്ചേക്കും - സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനം
മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിർത്തിവെച്ചേക്കും
മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിർത്തിവെച്ചേക്കും. വിഷയത്തില്‍ തുടര്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി സര്‍വകക്ഷിയോഗം വിളിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായതോടെയാണ് ഒഴിപ്പിക്കല്‍ നടപടി തത്കാലത്തേക്ക് നിര്‍ത്തി വയ്‌ക്കുന്നത്.
സര്‍വകക്ഷിയോഗം വരെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്‌ക്കാനാണ് എല്‍ ഡി എഫ് യോഗത്തില്‍ ധാരണയായത്.
അതേസമയം, യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ചു നിന്നു. സര്‍ക്കാരിനെ അറിയിക്കാതെ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചു നീക്കിയത് ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വീണ്ടും സര്‍വകക്ഷിയോഗം വിളിച്ച് മറ്റ് തീരുമാനങ്ങള്‍ സ്വീകരിക്കാം എന്ന നിലപാട് സിപിഎം സിപിഐ പാർട്ടികൾക്കിടയിൽ നിലനിന്ന തർക്കത്തിന് താത്കാലിക വിരാമമുണ്ടാക്കും.
അതേസമയം, നടപടിക്രമം പാലിച്ചാണ് കുരിശുനീക്കിയതെന്ന നിലപാടാണ് സിപിഐ യോഗത്തിൽ സ്വീകരിച്ചത്. ഉദ്യോഗസ്ഥർ ചെയ്തത് ശരിയായ കാര്യമാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു.
മൂന്നാർ പ്രശ്നം വഷളാക്കരുതെന്ന് വി.എസ്.അച്യുതാനന്ദനും നിലപാടെടുത്തു. കയ്യേറ്റമൊഴിപ്പിക്കലുമായി യോജിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും വിഎസ് യോഗത്തിൽ വ്യക്തമാക്കി.