പറഞ്ഞാൽ പറഞ്ഞതാ, അതിനപ്പുറത്തേക്കില്ല; മുഖ്യമന്ത്രി രണ്ടും കൽപ്പിച്ച്
മുഖ്യമന്ത്രിയ്ക്ക് മുന്നിൽ കളക്ടർ മുട്ടുകുത്തുമോ? കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെയ്ക്കാൻ സാധ്യത
മൂന്നാറിലെ പാപ്പത്തിച്ചോലയിൽ നടന്ന കയ്യേറ്റ ഒഴിപ്പിക്കലില്‍ നടപടിയിൽ താൻ പറഞ്ഞ നിലപാടിൽ നിന്നും ഒരടി പിന്നോട്ട് ചലിയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വീഴ്ചയുണ്ടായെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നതോടെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ സാധ്യത.
ഇന്നലെ നടന്ന ഇടത് മുന്നണി യോഗത്തിലാണ് പിണറായി തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ സര്‍വകക്ഷി യോഗം വിളിക്കാനും സര്‍വകക്ഷി യോഗം കഴിയുന്നത് വരെ കയ്യേറ്റം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കാനും ധാരണയായി.
നടപടി ക്രമം പാലിക്കാതെയാണ് കുരിശ് പൊളിച്ചതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പിച്ച് പറഞ്ഞു. പക്ഷേ, ഇതിന് നേർ വിപരീതമായ അഭിപ്രായമായിരുന്നു സിപി ഐയ്ക്ക്. കുരിശ് പൊളിച്ചത് നടപടി ക്രമങ്ങള്‍ പാലിച്ച് തന്നെയാണെന്ന് സിപിഐ യോഗത്തില്‍ നിലപാടെടുത്തു.
സര്‍ക്കാരിനെ അറിയിക്കാതെ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചു നീക്കിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി സംഭവദിവസം ചോദിച്ചിരുന്നു.