തിരുവനന്തപുരം: അമ്പലംമുക്കിലെ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കൊടുംകുറ്റവാളി എന്ന് പോലീസ്. കന്യാകുമാരി ജില്ലയിലെ തോവാള ആരുവാമൊഴി സ്വദേശിയാണ് രാജേന്ദ്രൻ. 2014 ൽ ഒരു കുടുംബത്തിലെ മൂന്നു പേരെ രാജേന്ദ്രൻ കൊലപ്പെടുത്തിയിരുന്നു. ആദ്യം കസ്റ്റംസ് ഓഫീസറെയും തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യ, മകൻ എന്നിവരെയും ഇയാൾ കൊലപ്പെടുത്തി. ഇതിനു ശേഷം ഇയാൾ മറ്റൊരാളെയും കൊലപ്പെടുത്തി. കൊലപാതകങ്ങളെല്ലാം തന്നെ മോഷണത്തിന്റെ ഭാഗമായിട്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് രാജേന്ദ്രനെ പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. സി.സി.ടിവി ദൃശ്യങ്ങൾ അനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് കൊലപാതകി എന്ന് തീരുമാനിച്ചത്. ഇതിനൊപ്പം അമ്പലംമുക്കിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി മുട്ടടയിൽ ഇറങ്ങിയ ശേഷം ഒരു സ്‌കൂട്ടറിൽ കയറി ഉള്ളൂരിലെത്തി. ഇവിടെ നിന്ന് മറ്റൊരു ഓട്ടോയിൽ പേരൂർക്കട യിലിറങ്ങി. പോലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങൾ, രേഖാചിത്രം എന്നിവ കണ്ട ഓട്ടോഡ്രൈവറാണ് പൊലീസിന് ഈ വിവരം കൈമാറിയത്.
വിനീതയുടെ നാലര പവന്റെ സ്വർണ്ണമാല തട്ടിയെടുക്കാൻ പിടിവലി നടന്നപ്പോൾ വിനീത ചെറുത്തുനിന്നു. തുടർന്നാണ് ഇയാൾ കത്തിയെടുത്ത് ഇവരെ കുത്തിക്കൊന്നത്. ഇയാൾ തട്ടിയെടുത്ത മാല കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലുള്ള ഒരു സ്വർണ്ണ പണയ സ്ഥാപനത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ചെടി വില്പന നടത്തുന്ന കടയിലെ ജീവനക്കാരി കഴുത്തറുത്ത നിലയിൽ കൊല്ലപ്പെട്ടത്. അവധി ആയിരുന്നിട്ടും ഇവർ ചെടികൾക്ക് വെള്ളമൊഴിക്കാൻ എത്തിയിരുന്നു. വിനീതയുടെ നമ്പറിൽ വിളിച്ചിട്ട് എടുക്കാത്തതിന് തുടർന്ന് കട ഉടമ മറ്റൊരു സ്ത്രീയെ അയച്ചു അന്വേഷിച്ചപ്പോഴാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. പുല്ലു വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ മൂർച്ചയേറിയ മൂന്നു കുത്തേറ്റാണ് മരണം സംഭവിച്ചത്.