ചെങ്ങന്നൂർ കൊലപാതകം: ഷെറിൻ നിരപരാധിയെന്ന് അമ്മ, പിന്നിൽ വൻ സംഘമോ?
ചെങ്ങന്നൂർ കൊലപാതകം: ഷെറിൻ നിരപരാധി?
അമേരിക്കൻ മലയാളി ജോയി ജോണിനെ കൊലചെയ്ത് കത്തിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ. ജോയ് ജോണിനെ കൊല്ലുകയും പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ മകൻ ഷെറിന് പങ്കില്ലെന്ന വാദവുമായി ഷെറിന്റെ അമ്മയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മകൻ നിരപരാധിയാണെന്ന് വാദിച്ച് ഷെറിന്റെ അമ്മ രംഗത്തെത്തിയത്.
തന്റെ മകന്‍ നിരപരാധിയാണെന്നും ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നും അവർ കോടതിയിൽ പറഞ്ഞു. തന്റെ മകന്‍ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും ഷെറിന്റെ അമ്മ വാദിച്ചു. ഹൈക്കോടതി വക്കീലായ ഹരിദാസ് മുഖേന മകന്‍ നിരപരാധിയാണെന്ന് കാണിച്ച് വക്കാലത്ത് ഫയല്‍ ചെയ്യുകയായിരുന്നു. കേസ് ജില്ലാ കോടതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതാണെന്നും ഇനിയും പുനരന്വേഷണം പ്രഖ്യാപിക്കാനാകില്ലെന്നും കോടതി അറിയിച്ചു.
മെയ് 25നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. നിരവധി ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രം പ്രകാരം കൊലപാതകം, തെളിവു നശിപ്പിക്കല്‍, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിട്ടുള്ളത്. ജോയ് ജോണിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് ശരീരം കത്തിക്കുകയും ശേഷം ശരീരഭാഗങ്ങൾ പല കഷ്ണമായി മുറിച്ച് പമ്പാനദിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.