നരബലി നടന്ന വീടിന് സമീപത്തെ സ്ത്രീ കൊല്ലപ്പെട്ടതില്‍ ദുരൂഹത; മൃതദേഹത്തില്‍ 46 മുറിവുകള്‍, കൈ അറ്റനിലയില്‍
മൃതദേഹം കുളിപ്പിച്ച നിലയില്‍ ആയിരുന്നുവെന്ന് മകന്‍ പറയുന്നു
പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന വീടിന് സമീപത്തെ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയവുമായി ബന്ധുക്കള്‍. ഒന്‍പത് വര്‍ഷം മുന്‍പ് നെല്ലിക്കാല സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍ നിന്നാണ് ലഭിച്ചത്. 46 മുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാര്‍ന്ന നിലയിലായിരുന്നു. ഇരു കൈകളിലുമായിരുന്നു മിക്ക മുറിവുകളും. ഒരു കൈ അറ്റ നിലയിലും.
മൃതദേഹം കുളിപ്പിച്ച നിലയില്‍ ആയിരുന്നുവെന്ന് മകന്‍ പറയുന്നു. ഇലന്തൂരിലെ നരബലി നടന്ന വീടിന്റെ ഒന്നരക്കിലോമീറ്റര്‍ മാറിയാണ് സരോജിനിയുടെ വീട്. 2014 സെപ്റ്റംബര്‍ പതിനാലിനാണ് 60 വയസ്സുള്ള സരോജിനിയുടെ മൃതദേഹം വഴിയരികില്‍ കണ്ടത്.
ഇത് നരബലിയാണോ എന്ന് വീട്ടുകാര്‍ക്ക് സംശയമുണ്ട്. നിലവില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.