Publish Date: Fri, 11 Mar 2022 (18:09 IST)
Updated Date: Fri, 11 Mar 2022 (18:11 IST)
തൊടുപുഴ; തൊടുപുഴയിൽ കുടുംബ വഴക്കിനിടെ വീട്ടമ്മയെ സഹോദരീ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ കളരിക്കുടി സ്വദേശി ഹലീമ എന്ന 54 കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടർന്ന് ഇവരുടെ മൂത്ത സഹോദരിയുടെ ഭർത്താവ് മടക്കത്താനം സ്വദേശി ഷംസുദ്ദീൻ എന്ന 62 കാരൻ വാഴക്കുളം പോലീസിൽ കീഴടങ്ങി.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ വെങ്ങല്ലൂർ ഗുരു ഐ.ടി.സിക്ക് അടുത്തായിരുന്നു സംഭവം. പുതുതായി നിർമ്മിക്കുന്ന വീട്ടിൽ നിന്ന് ഹലീമ തന്റെ ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ കാത്തുനിന്ന ഷംസുദീൻ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. നിരവധി വെട്ടുകളേറ്റ ഹലീമ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പോലീസ് എത്തി ഹലീമയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷംസുദ്ദീനും ഭാര്യയും തമ്മിൽ രണ്ട് വര്ഷങ്ങളായി പിണങ്ങി ക്കഴിയുകയായിരുന്നു. അടുത്തിടെ ഷംസുദ്ദീൻ ഭാര്യയെ തിരികെ വിളിക്കാൻ എത്തിയപ്പോൾ ഹലീമ എതിർത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് മരിച്ച ഹലീമ പിന്നീട് വെങ്ങല്ലൂരെ ഇരട്ട സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.