കോണ്‍ഗ്രസ് ചെയ്തത് മണ്ടത്തരം, ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാകും; കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ബഹിഷ്‌കരിച്ചതില്‍ മുസ്ലിം ലീഗില്‍ എതിര്‍പ്പ്
ലീഗ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസിന്റെ നിലപാടിലും അതൃപ്തിയുണ്ട്
കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം. ഫെഡറലിസത്തെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് കേന്ദ്രം തുടരുന്നത്. ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കടമയാണ്. രാജ്യ തലസ്ഥാനത്ത് ഇത്തരത്തിലൊരു ഐതിഹാസിക സമരം നടക്കുമ്പോള്‍ അതിനു ലീഗും പങ്കാളിയാകേണ്ടതായിരുന്നു എന്നാണ് പല നേതാക്കളുടെയും നിലപാട്. കോണ്‍ഗ്രസ് പങ്കെടുക്കുന്നില്ലെന്ന് കരുതി ലീഗ് വിട്ടുനില്‍ക്കേണ്ട ആവശ്യമില്ലായിരുന്നെന്നും അഭിപ്രായമുണ്ട്.
ലീഗ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസിന്റെ നിലപാടിലും അതൃപ്തിയുണ്ട്. കേന്ദ്രത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് കോണ്‍ഗ്രസ് ചെയ്തത് ശരിയായില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. കേരളത്തിന്റെ സമരം ന്യായമെന്നാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. ദേശീയ അധ്യക്ഷന്‍ പോലും കേരളത്തിന്റെ സമരത്തെ സ്വാഗതം ചെയ്യുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അത് ബഹിഷ്‌കരിച്ചത് രാഷ്ട്രീയ മര്യാദയല്ലെന്നും കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
അതേസമയം ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം നടക്കുന്നതിനു തൊട്ടുമുന്‍പ് ലീഗ് എംപി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പി.വി.അബ്ദുള്‍ വഹാബാണ് കേരള ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശാനുസരണമാണ് ഈ കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇടതുമുന്നണി നടത്തുന്ന സമരത്തിനു പിന്തുണയില്ലെന്നും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് കേവല മര്യാദയുടെ ഭാഗം മാത്രമാണെന്നും അബ്ദുള്‍ വഹാബ് വിശദീകരിച്ചു.