Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏതു പ്രതിസന്ധിയിലും, മലയാളിക്ക് ധൈര്യ പൂര്‍വ്വം ഉയര്‍ത്തിപിടിക്കാവുന്ന വ്യക്തിത്വമാണ് മമ്മൂട്ടി!

ലോട്ടറി അടിച്ചിട്ടല്ല മുഹമ്മദ് കുട്ടി മമ്മൂട്ടി ആയതും പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക ആയതും! - വിമര്‍ശിക്കുന്നവര്‍ ഇതൊന്നു കേള്‍ക്കൂ

ഏതു പ്രതിസന്ധിയിലും, മലയാളിക്ക് ധൈര്യ പൂര്‍വ്വം ഉയര്‍ത്തിപിടിക്കാവുന്ന വ്യക്തിത്വമാണ് മമ്മൂട്ടി!
, വെള്ളി, 14 ജൂലൈ 2017 (14:24 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയില്‍ വിവാദങ്ങളും കത്തിത്തുടങ്ങി. ദിലീപിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അമ്മ ജനറല്‍ സെക്രട്ടറിയും സൂപ്പര്‍താരവുമായ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ പ്രകടനമായി എത്തി റീത്ത് വച്ച യൂത്ത് കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് മുന്‍ എംപിയും സിപിഐഎം നേതാവുമായ എന്‍ എന്‍ കൃഷ്ണദാസ്. സിനിമയിലെ ഏതോ ഒരുത്തന്‍ ചെയ്ത പാതകത്തിന് മമ്മൂട്ടിയുടെ വീട്ടിന് മുന്നില്‍ റീത്ത് വയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസിനേ കഴിയൂ എന്ന് കൃഷ്ണദാസ് പറയുന്നു.
 
എന്‍ എന്‍ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇതൊരു സാധാരണ മലയാളിയുടെ ശരിയായ തോന്നലാണെന്നു കരുതട്ടെ. നാല് പതിറ്റാണ്ട് കാലത്തെ അഭിനയത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാനടനാണ് ശ്രീമാന്‍ മമ്മൂട്ടി. അദ്ദേഹവും വിമര്‍ശനങ്ങള്‍ക്കതീതനാണെന്നു ആരും പറയില്ല. ഏതെങ്കിലും ലക്കി ഡിപ്പിലൂടെയോ, ലോട്ടറിയിലൂടെയോ, അല്ല മുഹമ്മദ് കുട്ടി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയായി രൂപാന്തരം പ്രാപിച്ചത്.
 
അഭിനയ ജീവിതത്തിനപ്പുറം മലയാളികളുടെ സാമൂഹ്യ ബോധ്യങ്ങളില്‍ പരിപൂര്‍ണ്ണമായും നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം അദ്ദേഹം പ്രയാണം ചെയ്തിട്ടുണ്ട്. അങ്ങനെ വെറുതെയല്ല അദ്ദേഹത്തെ മലയാളികള്‍ സ്‌നേഹപൂര്‍വ്വം 'മമ്മുക്ക' എന്നുവിളിക്കാന്‍ തുടങ്ങിയത്. സിനിമയ്ക്ക് പുറത്തുള്ള മമ്മുക്കയെയും സാധാരണ മലയാളി അറിഞ്ഞിട്ടുണ്ട്. പാലിയേറ്റിവ് കെയര്‍ മുതല്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ വരെ ആതുര-കാരുണ്യ മേഖലകളിലും; കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാന്‍ ചേറില്‍ ഇറങ്ങിയും അദ്ദേഹം മലയാളിയുടെ സാമൂഹ്യ ജീവിത വ്യഥകളില്‍ തുണയായിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം കേരളത്തെ ലോക ശ്രദ്ധയില്‍ വേറിട്ട് നിര്‍ത്തുന്ന മനുഷ്യത്ത്വം, മത നിരപേക്ഷത എന്നതിന്റെയെല്ലാം പ്രതീകമായും അദ്ദേഹം നിലയുറപ്പിച്ചു. ഇതൊന്നും അദ്ദേഹത്തെ സംബന്ധിച്ച ഒരു വിമര്‍ശനത്തിന് ആര്‍ക്കും അവകാശമില്ലാതാക്കുന്നില്ല. ക്രിയാത്മകമായ വിമര്‍ശനത്തെയും ഹൃദയപൂര്‍വ്വം സമീപിക്കാനുള്ള പക്വത അദ്ദേഹം പ്രകടിപ്പിച്ചത് മലയാളികളുടെ മുന്നില്‍ തന്നെ ഉദാഹരണങ്ങളായിട്ടുണ്ട്.
 
എന്നാല്‍ സിനിമാ വ്യവസായത്തിലെ ഏതോ ഒരുത്തന്‍ ചെയ്ത പാതകത്തിന്റെ പേരില്‍ മമ്മൂക്കയുടെ വീടിനു മുന്നില്‍ റീത്ത് വക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ. സ്വന്തം രാഷ്ട്രീയ അഭിപ്രായം സൂക്ഷിച്ചു വച്ചുകൊണ്ടു തന്നെ ഖദര്‍ ധാരികളുടെ പരിപാടികളിലും മമ്മുക്ക പങ്കെടുത്തതിന് എത്രയോ ഉദാഹരണങ്ങള്‍. മുഖ്യ മന്ത്രിയായിരുന്ന ശ്രീമാന്‍.ഉമ്മന്‍ ചാണ്ടിയോടും, മറ്റു നേതാക്കളോടും, യൂത്ത് കോണ്‍ഗ്രസ്സിന് ഇക്കാര്യം ചോദിച്ചറിയാവുന്നതാണ്. ഏതു പ്രതിസന്ധിയിലും, മലയാളിക്ക് ധൈര്യ പൂര്‍വ്വം ഉയര്‍ത്തിപിടിക്കാവുന്ന മമ്മൂട്ടിയെന്ന വ്യക്തിത്വത്തെ കരുതി വെക്കേണ്ടത് കാലത്തിനും ആവശ്യമാണ്. മമ്മൂക്കയുടെ വീടിന് മുന്നില്‍ വച്ച റീത്ത് സ്വന്തം 'ജഡ ശരീരത്തില്‍' തന്നെയാണ് യൂത്ത് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ചതെന്ന് അവര്‍ വൈകാതെ മനസ്സിലാക്കും. തീര്‍ച്ച.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈന്യത്തില്‍ ചേരണം, അച്ഛന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കണം; കാശ്മീര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സൈനികന്റെ മകന്‍