കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടന്ന പണിമുടക്കില്‍ ബാങ്കിംഗ് മേഖലയും സ്തംഭിച്ചു. ശാഖകളിലേയും വായ്പാ വിതരണ- ഭരണനിര്‍വ്വഹണ -വിദേശനാണ്യ വിനിമയ കാര്യാലയങ്ങളിലേയും ജീവനക്കാരാണ് പണിമുടക്കിയത്. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.
തൊഴിലാളികള്‍ക്ക് പ്രത്യക്ഷ വരുമാന സഹായം നല്‍കുക, സൗജന്യ ഭക്ഷ്യ വിതരണം തുടരുക, തൊഴിലുറപ്പു ദിനങ്ങളും വേതനവും വര്‍ദ്ധിപ്പിക്കുക തുടങ്ങി യ കേന്ദ്ര ട്രേഡ് യൂണിയനുകളുന്നയിക്കുന്ന ഏഴു ആവശ്യങ്ങള്‍ അംഗീകരിക്കുക, വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ സ്ഥാപിക്കുവാനും ഏറ്റെടുക്കുവാനും അനുവദിക്കുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയും നിയന്ത്രണവും ഇല്ലാതാക്കുന്നതുമായ പൊതുമേഖലാ ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കം അവസാനിപ്പിക്കുക, വന്‍കിട കിട്ടാകടങ്ങള്‍ തിരിച്ച് പിടിക്കുക, മന:പൂര്‍വ്വം കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക, എസ് ബി ഐ-യിലെ അപ്രന്റീസ് നിയമനത്തിനു പകരം സ്ഥിരം നിയമനങ്ങള്‍ നടത്തുക, പുറംകരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, എല്ലാ ബാങ്കുകളിലും അവശ്യാധിഷ്ഠിത നിയമനം നടത്തുക, പങ്കാളിത്ത പെന്‍ഷനു പകരം നിശ്ചിത പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്പോയീസ് അസ്സോസിയേഷന്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്.