Publish Date: Wed, 18 Mar 2026 (18:11 IST)
Updated Date: Wed, 18 Mar 2026 (18:15 IST)
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും ഹൈക്കമാന്‍ഡ് ഇളവ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ ഒരു തീരുമാനത്തിലെത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ കെ സുധാകരന്‍ കണ്ണൂരില്‍ നിന്നും അടൂര്‍ പ്രകാശ് കോന്നിയില്‍ നിന്നും മത്സരിക്കും. സുധാകരന്‍ കേരള ഹൗസില്‍ നിന്ന് ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. അടൂര്‍ പ്രകാശ് ഇതിനകം ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു.
ഇന്നലെ രാത്രി സുധാകരനെ അനുനയിപ്പിക്കാന്‍ കെ സി വേണുഗോപാല്‍, ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍ എന്നിവര്‍ അവസാന ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം കവടിയാര്‍ കൗണ്‍സിലര്‍ കെ എസ് ശബരിനാഥന്‍ നേമം മണ്ഡലത്തില്‍ മത്സരിക്കുമെന്നും വി എസ് ശിവകുമാര്‍ അരുവിക്കരയില്‍ മത്സരിക്കുമെന്നും ഏതാണ്ട് സ്ഥിരീകരിച്ചു. സി പി ജോണിന് തിരുവനന്തപുരം സീറ്റ് നല്‍കിയതിനുശേഷം ശിവകുമാര്‍ നേതൃത്വത്തോട് അരുവിക്കര ആവശ്യപ്പെട്ടിരുന്നു.