സാമ്പിളുകള്‍ നെഗറ്റീവ്; നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം - റിപ്പോര്‍ട്ട് പുറത്ത്
സാമ്പിളുകള്‍ നെഗറ്റീവ്; നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം - റിപ്പോര്‍ട്ട് പുറത്ത്
കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം വവ്വാലല്ലെന്ന് കണ്ടെത്തി. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയില്‍ വവ്വാലുകളില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ല.
കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലെ വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്.
വവ്വാലിന് പുറമെ പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ പരിശോധനാ ഫലവും നെഗറ്റീവാണെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വിപി സിംഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വവ്വാലിന്റെ മൂന്നു സാമ്പിള്‍, പന്നിയുടെ എട്ട്, കന്നുകാലിയുടെ അഞ്ച്, ആടിന്റെ അഞ്ച് എന്നിങ്ങനെയാണ് അയച്ചത്.
പ്രാഥമിക പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. വിശദമായ പരിശോധന നടക്കുകയാണ്. തിങ്കളാഴ്ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധിക്കും. എന്നാല്‍ ഉറവിടം കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ല എന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.
അതേസമയം, നിപ്പ വൈറസ് ബാധ സംബന്ധിച്ച് അനാവശ്യ ഭീതി വേണ്ടന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. എന്നാല്‍ രോഗം നിസാരവല്‍ക്കരിക്കരുത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും മന്ത്രി പറഞ്ഞു.