പിടിവിടാതെ നിപ്പ; 29 പേർ ആശുപത്രിയിൽ, നിപ്പയുടെ പേരിൽ ആളുകളെ അകറ്റി നിർത്തുന്നത് എന്തിന്?
നിപ്പയുള്ള പ്രദേശത്തെ ആളുകളെ അകറ്റി നിർത്തരുത്
സംസ്ഥാനത്ത് നിപ്പ വൈറസ് വ്യാപകമാവുകയാണ്. ഏഴു ജില്ലകളിലായി 29 പേർക്ക് നിപ്പ സ്ഥിരീകരിച്ചു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിപ വൈറസ് ബാധയേറ്റ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള് കൂടി ഇന്നലെ മരണപ്പെട്ടു.
അതേസമയം, നിപ്പയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന നേഴ്സിംഗ് വിദ്യാർഥിക്ക് നിപ്പ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. നിപ്പയെ തുടർന്ന് കളക്ടറുടെ പ്രത്യേക നിർദേശത്തെ തുടർന്ന് അളുകൾ ഒത്തുകൂടുന്ന പൊതുയോഗങ്ങൾ, ഉദ്ഘാടങ്ങൾ, തുടങ്ങിയ എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മാസം 31 വരെ നിയത്രണം തുടരും.
വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ മൂസയും മരണത്തിന് കീഴടങ്ങിയതോടെ നിപ്പായെ തുടർന്നുള്ള മരണങ്ങൾ 12 ആയി. നിപ്പ സ്ഥിരീകരിച്ചവരിൽ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. അതേസമയം, നിപ്പ ആദ്യം ബാധിച്ച പേരാമ്പ്രയിലെ നഴ്സുമാരെ മറ്റുള്ളവർ അകറ്റി നിർത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിപ്പ വൈറസ് ബാധയുടെ പേരിൽ ആരെയും മാറ്റിനിർത്തരുതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. വൈറസ് ബാധിച്ചാൽ 21 ദിവസം വരെ ലക്ഷണങ്ങളുണ്ടാകില്ല. ഈ സമയത്ത് വൈറസ് പകരില്ല. രോഗം കണ്ടെത്തിയ പ്രദേശത്തെ ആളുകളെയും ആശുപത്രി ജീവനക്കാരെയും അകറ്റിനിർത്തുന്നതിൽ യുക്തിയില്ല എന്നും വിദഗ്ധർ പറയുന്നു.