Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഡിജെഎസ് കൈവിട്ടാല്‍ ബിജെപിയുടെ കാര്യം ‘സ്വാഹ’; കണക്ക് കൂട്ടി ഇടതും വലതും, ഇത്തവണയില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന് ബിജെപി

വോട്ടു ബാങ്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചത് ബിഡിജെഎസിന്റെ വരവോടെയാണ്

ബിഡിജെഎസ് കൈവിട്ടാല്‍ ബിജെപിയുടെ കാര്യം ‘സ്വാഹ’; കണക്ക് കൂട്ടി ഇടതും വലതും, ഇത്തവണയില്ലെങ്കില്‍  ഒരിക്കലുമില്ലെന്ന് ബിജെപി

ജിയാന്‍ ഗോണ്‍‌സാലോസ്

തിരുവനന്തപുരം/കോട്ടയം , ബുധന്‍, 27 ഏപ്രില്‍ 2016 (15:27 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് യുഡിഎഫും ഭരണമാറ്റം ആവശ്യപ്പെട്ട് എല്‍ഡിഎഫും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ബിജെപിയുടെ ലക്ഷ്യം സംസ്ഥനത്ത് അക്കൌണ്ട് തുറക്കുക എന്നതാണ്. സംസ്ഥാനത്തെ ബിജെപിയുടെ അതിപ്രസരം ഇത്തവണ ഇടതുവലതുമുന്നണികള്‍ക്ക് തലവേദനയാകുമെന്നതില്‍ സംശയമില്ല.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് കേരളത്തില്‍ ബിജെപിയുടെ വേരോട്ടം വേഗത്തിലായത്. ഒരു നിശ്ചിത വോട്ടുകള്‍ മാത്രമെന്ന നിലയില്‍ നിന്ന് വോട്ടു ബാങ്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അവരെ സഹായിച്ചത് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസിന്റെ വരവോടെയാണ്. മോശമല്ലാത്ത വോട്ട് ബങ്കുള്ള ബിഡിജെഎസ് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ വര്‍ദ്ധിത വീര്യത്തില്‍ കളം പിടിക്കാനായി താമരയ്‌ക്ക്. ഇടത് - വലത് മുന്നണികളോട് മുഖം തിരിച്ചു നിന്നവരെയും യുവാക്കളെയും പാളയത്തിലെത്തിച്ച ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം പ്രതീക്ഷിക്കുന്നുമുണ്ട്.

ബിജെപി -ബിഡിജെഎസ് ബന്ധം നിലവില്‍ വന്നതോടെ സമ്മര്‍ദ്ദത്തിലായത് ഇടതു- വലതു മുന്നണികളാണ്. ബിഡിജെഎസിന്റെ വോട്ട് എങ്ങോട്ട് മറിയുമെന്നതാണ് ഇരുവരെയും ആശങ്കയിലാഴ്‌ത്തുന്നത്. കാലങ്ങളായി സിപിഎമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്നു എസ്എന്‍ഡിപി പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം ചേര്‍ന്നത് ഇടതിന് കനത്ത തിരിച്ചടിയായി. ഈ സാഹചര്യം സിപിഎമ്മിന് തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും വലത് മുന്നണിക്കും ദോഷമാണ് ഈ ബന്ധം.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വരെ ബിജെപി -എസ്‌എന്‍ഡിപി കൂട്ടുകെട്ട്‌ യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍, തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ ബിജെപി -ബിഡിജെഎസ്‌ സഖ്യം വിജയിച്ച സ്‌ഥലങ്ങളിലെല്ലാം യുഡിഎഫ്‌ പിന്നാക്കം പോകുന്ന സാഹചര്യമാണ്‌ ഉണ്ടായത്‌. കോണ്‍ഗ്രസിനോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഈഴവ വോട്ടുകള്‍ക്ക്‌ പിന്നാലെ ഒരു ചെറിയ ന്യൂനപക്ഷ വിഭാഗവും യുഡിഎഫില്‍നിന്ന്‌ അകന്നതാണ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ തിരിച്ചടിയായത്‌.

webdunia
തിരിച്ചടി നേരിടുമെന്ന് തോന്നിയതോടെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കളം മാറ്റി ചവിട്ടിയ സിപിഎം ലക്ഷ്യം കാണുകയും ചെയ്‌തു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞതും ബിജെപി -ബിഡിജെഎസ്‌ സഖ്യത്തിലേക്ക്‌ പോയ വോട്ടുകള്‍ക്ക്‌ പകരമായി ഈ വോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞതും അവര്‍ക്ക് വിജയമായി തീരുകയും ചെയ്‌തിരുന്നു. കൂടാതെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ രോക്ഷം പൂണ്ടു നിന്ന നല്ല ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇടതിന് വോട്ട സമ്മാനിച്ചതും അവര്‍ക്ക് നേട്ടമായി.

ബിജെപിയെയും ബിഡിജെഎസിനെയും സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ്‌ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്‌. ഇത്തവണയില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന തോന്നലും അവര്‍ക്കുള്ളതിനാലാണ് നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളെ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ചതിലും ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നതിലും എസ്എന്‍ഡിപിയില്‍ തന്നെ എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പുകള്‍ മറികടന്നു വേണം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി -ബിഡിജെഎസ്‌ സഖ്യത്തിന് ജയം നേടാന്‍.

ഈ സാഹചര്യങ്ങളില്‍ തങ്ങളുടെ വോട്ടുകള്‍ ചിതറി പോകാതിരിക്കാനും കൂടുതല്‍ വോട്ടുകള്‍ നേടുന്നതിനുമാണ് ഇടതു- വലതുമുന്നണികളും ബിജെപിയും ശ്രമിക്കുന്നത്. മൂവര്‍ക്കും ഭീഷണി ഉയര്‍ത്തി ജയം നേടുന്നതിനുമാണ് ബിജെപി ലക്ഷ്യമാക്കുന്നത്. മൂവരുടെയും നീക്കത്തിന് നിര്‍ണായകമാകുന്നത് ബിഡിജെഎസിന്റെ വോട്ടുകള്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ നിര്‍ണായകമാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസ് നിശബ്ദതയിലാണ്. വെള്ളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാന്‍‌സ് കേസ് തലപൊക്കിയതും വിദ്വേഷ പ്രസംഗം തിരിച്ചടി നല്‍കിയതും അവര്‍ക്ക് വിനയായി. പലയിടത്തും സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും ജയത്തിനായല്ല മറിച്ച് ഇടത്- വലത് മുന്നണികളുടെ വോട്ട് പിടിച്ചെടുക്കുന്നതിനുമാണ് ബിഡിജെഎസ് ശ്രമിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് മമ്മൂട്ടിയുടെ കളിക്കളം, എതിരാളി ആര് എന്നത് വിഷയമല്ല!