Publish Date: Thu, 26 Mar 2026 (14:08 IST)
Updated Date: Thu, 26 Mar 2026 (14:12 IST)
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ ക്രമക്കേടില്ലെന്ന കണ്ടെത്തലില്‍ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. മരം നിര്‍മ്മാണത്തിനായി ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച സ്വര്‍ണം പൂര്‍ണമായും ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വര്‍ണം കൈപ്പറ്റിയതിന് യാതൊരു തെളിവും ഇല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇത് പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ ഉള്‍പ്പെടെ 27 പേരാണ് കൊടിമര പ്രതിഷ്ഠയ്ക്കായി സ്വര്‍ണം നല്‍കിയത്. 23 പേരെയും കണ്ടെത്തി അന്വേഷണസംഘം വിശദമായി മൊഴിയെടുത്തു.
കൃത്യമായ മേല്‍വിലാസം ഇല്ലാത്തതിനാല്‍ അവശേഷിക്കുന്ന നാലുപേരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇവര്‍ സംഭാവനയായി നല്‍കിയ സ്വര്‍ണം മുഴുവനായും നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി തന്നെ ഉപയോഗിച്ചുവെന്നും വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.