Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൈബിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല, മാനസികരോഗിയാക്കി മുദ്രകുത്തി - അഷിത പറയുന്നു

മുസ്ലിം യുവാവിനെ പ്രണയിച്ച ഹിന്ദു യുവതിക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനം!

സുഹൈബിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല, മാനസികരോഗിയാക്കി മുദ്രകുത്തി - അഷിത പറയുന്നു
, ബുധന്‍, 22 നവം‌ബര്‍ 2017 (09:17 IST)
തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ക്രൂരപീഡനങ്ങൾ പുറത്തുവന്നതും യോഗാകേന്ദ്രത്തിനു താഴു വീണതുമെല്ലാം ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്. അന്യമതസ്ഥരെ പ്രണയിക്കുന്ന പെൺകുട്ടികളെയാണ് യോഗാ കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചിരുന്നത്. ഇവിടെ നിന്നും രക്ഷപെട്ട തൃശൂർ സ്വദേശിയുടെ വെളിപ്പെടുത്തലായിരുന്നു യോഗാകേന്ദ്രം പൂട്ടാൻ ഉത്തരവായത്. 
 
ഇപ്പോഴിതാ, ഈ യോഗാകേന്ദ്രത്തിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കഥ കണ്ണൂർ സ്വദേശിനിയായ അഷിത വെളിപ്പെടുത്തുന്നു. മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് അഷിതയെ മാതാപിതാക്കൾ യോഗാ കേന്ദ്രത്തിലെത്തിച്ചത്. ദി ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ അഷിത തുറന്നുപറയുന്നത്.
 
നഴ്സിംഗ് പഠനത്തിനിടെയാണ് 20 വയസ്സുകാരിയായ അഷിത മാധ്യമപ്രവർത്തകനായ സുഹൈബിനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളർന്നു. പിരിയാനാവില്ലെന്ന് തോന്നിയതോടെ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. പക്ഷേ, വീട്ടുകാർ എതിരായിരുന്നു.  
 
മകൾ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കില്ലെന്ന് മനസിലാക്കിയ മാതാപിതാക്കളാണ് അഷിതയെ തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിലെത്തിക്കുന്നത്. ജനുവരി 29നാണ് അഷിതയെ ആദ്യമായി യോഗാ കേന്ദ്രത്തിലെത്തിക്കുന്നത്.
 
യോഗാ കേന്ദ്രത്തിലെത്തിച്ച അഷിതയെ ക്രൂരമായാണ് പീഡിപ്പിച്ചത്. 'കസേരയിൽ കെട്ടിയിട്ട് രാവും പകലും മർദ്ദിച്ചു. പീഡനം സഹിക്കവയ്യാതെ ഉറക്കെ നിലവിളിച്ചു. സുഹൈബുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും, അല്ലെങ്കിൽ അവനെ ഹിന്ദു മതത്തിലേക്ക് മാറ്റണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത്''-അഷിത പറഞ്ഞു. 
 
ഫെബ്രുവരി 23ന് സുഹൈബ് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. സുഹൈബിന്റെ ഹർജിയിൽ അഷിതയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പക്ഷേ കോടതിയിൽ എത്തിയ അഷിത സുഹൈബിനെതിരായി മൊഴി നൽകി. 
 
'സുഹൈബ് ആരോപിച്ചത് പോലെ താൻ തടങ്കലിൽ കഴിയുകയല്ലെന്നും, വീട്ടുകാരാടൊപ്പം സന്തോഷപ്രദമായി ജീവിക്കുകയാണെന്നുമാണ്' അഷിത കോടതിയിൽ പറഞ്ഞത്. ഇതോടെ ഹർജി തള്ളി. അഷിതയെ കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. 
 
പക്ഷേ ആശ്രമിത്തിൽ നിന്നുമുള്ള ഭീഷണിയെ തുടർന്നാണ് താൻ അങ്ങനെ പറഞ്ഞതെന്ന് അഷിത വെളിപ്പെടുത്തുന്നു. 'കോടതിയിൽ പറഞ്ഞതൊന്നും സത്യമായിരുന്നില്ല, അങ്ങനെ പറഞ്ഞില്ലെങ്കിൽ സുഹൈബിനെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി' - അഷിത പറയുന്നു. 
 
വീട്ടിൽ തിരിച്ചെത്തിയ അഷിതയെ  മാതാപിതാക്കൾ ഒരു മനോരോഗ വിദഗ്ദന്റെ അടുത്തെത്തിച്ചു. മകൾക്ക് മാനസികരോഗമാണെന്ന് വരുത്തിതീർത്തു. അഷിതയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് ഡോക്ടറും വിധിയെഴുതി. പിന്നീട് വീണ്ടും യോഗാകേന്ദ്രത്തിലേക്ക്. പീഡനങ്ങൾ സഹിക്കവയ്യാതെ ഒടുവിൽ അഷിതയും മറ്റൊരു പെൺകുട്ടിയും രാത്രി മതിൽചാടി രക്ഷപെട്ടു.
 
'നേരെ വീട്ടിലെത്തിയ താൻ യോഗാ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഒരിക്കലും ഇനി അങ്ങോട്ട് അയക്കരുതെന്ന് അപേക്ഷിച്ചു. ഒരു മാസത്തോളം വീട്ടിൽ താമസിച്ചു, വിവാഹത്തിനു വീട്ടുകാർ സമ്മതിക്കില്ലെന്ന് ഉറപ്പായതോടെ വീട് വിട്ടിറങ്ങി. ഇപ്പോൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് അഷിതയും സുഹൈബും.
(ചിത്രത്തിനും ഉള്ളടക്കത്തിനും കടപ്പാട്: ദി ന്യൂസ് മിനിറ്റ്)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ നീക്കത്തിൽ ഞെട്ടി ബി ജെ പി! ഇതൽപ്പം കൂടിയില്ലേ?