കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് വന്‍ ട്വിസ്റ്റിലേക്ക് ! സംഘത്തില്‍ നഴ്‌സിങ് തട്ടിപ്പിനു ഇരയായ സ്ത്രീയും
തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ മൂന്ന് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഒരു യുവതി നഴ്‌സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയെന്ന് പൊലീസിനു സൂചന ലഭിച്ചു. യുവതി നഴ്‌സിങ് കെയര്‍ ടേക്കര്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചതിയില്‍പ്പെട്ടയാളാണ് യുവതിയെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ മൂന്ന് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ നഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക അറസ്റ്റ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.
കേസന്വേഷണത്തിന്റെ തുടക്കം മുതലേ സാമ്പത്തിക തട്ടിപ്പ്, നഴ്‌സിങ് മേഖലയിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് എന്നിവയെ കുറിച്ച് പൊലീസ് അന്വേഷിച്ചിരുന്നു. നഴ്‌സിങ് തട്ടിപ്പ് വിരോധം തീര്‍ക്കുകയായിരുന്നു തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ലക്ഷ്യമെന്നാണ് വിവരം. അബിഗേലിന്റെ പിതാവ് റെജി യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹിയാണ്.