വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പുതുപ്പള്ളി വിട്ട് വേറെങ്ങും പോകില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തിൽ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് വാർത്താക്കുറിപ്പ് ഇറക്കി ഉമ്മൻ ചാണ്ടി തന്നെ വാർത്തകൾ നിഷേധിച്ചത്.
ഉമ്മൻചാണ്ടിയുടെ സാന്നിധ്യം തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്നും നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മുന്നോട്ട് വച്ചതായും വാർത്തകൾ വന്നിരുന്നു. ഉമ്മൻചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ വാര്‍ത്ത സജീവമായി. വാർത്തയെ പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ഉമ്മൻചാണ്ടി ഔദ്യോഗികമായി വാര്‍ത്താ കുറിപ്പിറക്കി വാർത്തകൾ നിഷേധിച്ചത്.