Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടേതായിട്ട് 50 വര്‍ഷം, ഇനി ചെന്നിത്തലയെ വെട്ടാന്‍ പുതിയ തന്ത്രങ്ങളോ?

കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടേതായിട്ട് 50 വര്‍ഷം, ഇനി ചെന്നിത്തലയെ വെട്ടാന്‍ പുതിയ തന്ത്രങ്ങളോ?

സുബിന്‍ ജോഷി

, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (21:40 IST)
ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ് രണ്ടാമത് എത്താന്‍ വേണ്ടി ഒരു കൊച്ചുപയ്യന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പുതുപ്പള്ളിക്കാര്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. താന്‍ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആകുമെന്ന് ആ പയ്യനും വിചാരിച്ചില്ല. പക്ഷേ, കാലം കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിയുടെ മടിത്തട്ടില്‍ എം എല്‍ എ കുപ്പായത്തില്‍ പൊതിഞ്ഞുനിര്‍ത്തി ഇക്കാലമത്രയും.
 
വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് കേരള സ്റ്റുഡന്‍റ്‌സ് യൂണിയനി (കെ എസ് യു) ലൂടെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഹൈസ്കൂളിലെ കെ എസ് യു യൂണിറ്റിന്‍റെ പ്രസിഡന്‍റ് ആയി രാഷ്ട്രീയത്തിന്‍റെ ആദ്യപാഠശാലയിലെത്തി. പിന്നീട് കെ എസ് യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റ് ആയി. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അഖില കേരള ബാലജന സഖ്യത്തിന്‍റെ പ്രസിഡന്‍റും ആയിരുന്നു ഉമ്മന്‍ ചാണ്ടി.
 
കോട്ടയം സി എം എസ് കോളജ്, ചങ്ങനാശ്ശേരി എസ് ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു കുഞ്ഞൂഞ്ഞിന്‍റെ വിദ്യാഭ്യാസം. കോണ്‍ഗ്രസിന്‍റെ മുന്‍ നിരയിലേക്ക് യൂത്ത് കോണ്‍ഗ്രസിലൂടെ ആയിരുന്നു എത്തിയത്. ദേശീയതലത്തില്‍ എ ഐ സി സി മെമ്പറും ആയിരുന്നു. 1970ല്‍ ആയിരുന്നു പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി മത്സരിച്ചത്. പിന്നെ ഒരിക്കല്‍ പോലും പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് 11 തവണയാണ് പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. കുഞ്ഞൂഞ്ഞിന്‍റെ ജനസമ്മിതിക്ക് വേറെ എന്തു വേണം തെളിവ്?
 
1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ വിജയപ്രതീക്ഷയോ ആളും ആരവങ്ങളോ കുഞ്ഞൂഞ്ഞിനൊപ്പം ഇല്ലായിരുന്നു. എന്നാല്‍, ഇന്ന് എങ്ങോട്ട് ഇറങ്ങിയാലും ചുറ്റിലും ജനക്കൂട്ടം. ആദ്യത്തേത് തന്നെ ത്രികോണത്സരം. ജയിക്കില്ല, രണ്ടാമതെങ്കിലും എത്താന്‍ വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയായത്. എന്നാല്‍, മത്സരഫലം വന്നപ്പോള്‍ പുതുപ്പള്ളി ഈ പയ്യന് ഒപ്പം നിന്നു. തോല്‍ക്കുമെന്ന് ഉറപ്പായവന്‍ ജയിച്ചത് 7000 ത്തിലധികം വോട്ടിന് ജയിച്ചു. പിന്നീടുള്ള ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ ചരിത്രമാണ്, പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയുടേതും.
 
എത്ര തിരക്കിലായാലും എല്ലാ ഞായറാഴ്ചകളിലും വീട്ടിലെത്തുന്ന കുഞ്ഞൂഞ്ഞ് കുര്‍ബാന കഴിഞ്ഞാല്‍ നാട്ടുകാരുടെ പരാതി കേള്‍ക്കുന്നതും പരിഹാരം നിര്‍ദ്ദേശിക്കുന്നതും കണ്ടു തന്നെ മനസ്സിലാക്കണം. തന്നെ ആശ്രയിച്ചെത്തുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന വിധത്തിലെല്ലാം സഹായം ചെയ്യുന്ന കുഞ്ഞൂഞ്ഞ് ഞായറാഴ്ചകളില്‍ കാപ്പി കുടിക്കുന്നത് പോലും സെക്കന്‍ഡുകള്‍ കൊണ്ടാണ്. തന്‍റെ വിദേശയാത്രകള്‍ പോലും ഞായറാഴ്ച പുതുപ്പള്ളിയില്‍ തിരികെ എത്താന്‍ കണക്കാക്കി ആയിരിക്കും. തിരികെ എത്തണം, കാരണം ഓരോ ഞായറാഴ്ചയും അദ്ദേഹത്തെ കാണുന്നതിന് നൂറുകണക്കിനാള്‍ക്കാര്‍ ആണ് പുതുപ്പള്ളിയിലെ വീട്ടിലേക്കെത്തുന്നത്.
 
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ മറികടന്ന് ഉമ്മന്‍‌ചാണ്ടി യു ഡി എഫിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ? 'എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും’ എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുമ്പോഴും ഉമ്മന്‍‌ചാണ്ടിയുടെ മനസില്‍ എന്താണെന്ന് ആര്‍ക്കും നിശ്ചയമില്ല. അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളുടെ രാജാവാണ് ഉമ്മന്‍‌ചാണ്ടി. അതുകൊണ്ട് എന്തും സംഭവിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക പ്രതിസന്ധി: ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കും