കലാപക്കൊടി ഉയര്‍ത്തി ഉമ്മൻചാണ്ടി, ലക്ഷ്യം സുധീരന്‍ - രംഗം തണുപ്പിക്കാന്‍ കെ മുരളീധരൻ കളത്തില്‍
സുധീരന്റെ നീക്കത്തില്‍ വഴക്കിട്ട് ഉമ്മന്‍ചാണ്ടി, പിണക്കം മാറ്റാന്‍ മുരളീധരൻ
യുഡിഎഫില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഡിസിസി പുനഃസംഘടനയിലെ അതൃപ്‌തി വ്യക്തമാക്കി അദ്ദേഹം കോട്ടയം ഡിസിസി പ്രസിഡന്റായി ജോഷി ഫിലിപ്പ് സ്‌ഥാനമേൽക്കുന്ന ചടങ്ങിൽ നിന്നും വിട്ടു നിന്നതോടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കിയത്.
തിരുവഞ്ചൂർ രാധാകൃഷ്ണനും കെസി ജോസഫും ചടങ്ങിനെത്തിയിരുന്നുവെങ്കിലും സ്വന്തം ജില്ലയില്‍ നടന്ന ചടങ്ങില്‍ ഉമ്മൻചാണ്ടിയുടെ അഭാവാമാണ് നിഴലിച്ചു നിന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റ ഒരിടത്തും ഉമ്മൻചാണ്ടി പോയില്ല. ലതിക സുഭാഷും ചടങ്ങിൽ പങ്കെടുത്തില്ല.
ചടങ്ങിൽ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ ഉൾപ്പടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ തഴഞ്ഞുവെന്ന് ഉമ്മൻചാണ്ടിക്ക് ആക്ഷേപമുണ്ടായിരുന്നു. ഈ കാരണത്താലാണ് അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്. ഇക്കാര്യം അദ്ദേഹം പരസ്യമായി രേഖപ്പെടുത്തിയില്ലെങ്കിലും എ ഗ്രൂപ്പിലെ പ്രമുഖനായ എംഎം ഹസൻ അതൃപ്തി പരസ്യമാക്കിയിരുന്നു. എ വിഭാഗത്തിന്റെ അതൃപ്തി ഹൈക്കമാൻഡിന് നേരിട്ട് അറിയിക്കുകയും ചെയ്തു.
അതേസമയം മുഴുവൻ നേതാക്കളുമായും ആലോചിച്ചാണ് ഹൈക്കമാൻഡ് പുനഃസംഘടന നടത്തിയതെന്നും യുവതലമുറയ്ക്ക് അവസരം നൽകിയത് പഴയ തലമുറയെ ഒഴിവാക്കാനല്ലെന്നും സുധീരൻ പറഞ്ഞു.
ചടങ്ങിലെ ഉമ്മന്‍ചാണ്ടിയുടെ അഭാവം വാര്‍ത്തയായതോടെ നയം വ്യക്തമാക്കി കെ മുരളീധരൻ എംഎൽഎ രംഗത്ത്. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാവില്ല. പാര്‍ട്ടി പരിപാടികളോട് അദ്ദേഹം സഹകരിക്കാതിരിക്കില്ല. പുനഃസംഘടനയില്‍ ഐ ഗ്രൂപ്പിന് അപ്രമാദിത്വമില്ലന്നും മുരളീധരന്‍ പറഞ്ഞു.