അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് വൈകിട്ട് 3.30 നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂറും പിന്നിട്ടാണ് കോട്ടയത്ത് എത്തിയത്. ആയിരകണക്കിനു ആളുകളാണ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റോഡുകള്‍ക്ക് ഇരുവശവും കാത്തുനിന്നത്. തിരുനക്കര മൈതാനത്ത് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഉമ്മന്‍ചാണ്ടിയുടെ കുടുംബം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.