വിവാദം വേദനിപ്പിക്കുന്നത്, കേസ് നിയമപരമായി നേരിടും; ഒമർ ലുലു
വിവാദം വേദനിപ്പിക്കുന്നത്, കേസ് നിയമപരമായി നേരിടും; ഒമർ ലുലു
ഒരു അഡാർ ലവിലെ ഗാനവുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമർ ലുലു. ഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദം വേദനിപ്പിക്കുന്നതാണ്. ഗാനത്തിൽ പ്രവാചക നിന്ദയോ മോശമായ പ്രയോഗങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ പാട്ട് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദിലെ ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നല്‍കിയ പരാതിയിലാണ് ഒമർ ലുലുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഹൈദരാബാദ് ഫലഖ്നമ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസ് എടുത്തത്. ഹൈദരാബാദ് യൂത്ത് എന്ന സംഘടനയാണ് പരാതി നല്‍കിയതെന്നാണ് വിവരം.
ചിത്രത്തിലെ വൈറലായ ഗാനത്തില്‍ അഭിനയിച്ച പ്രിയ പി വാര്യര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ ഉടന്‍ കേസെടുക്കേണ്ടന്ന നിലപാടിലാണ് പൊലീസുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോൾ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് പരാതിക്കാരുടെ അവകാശവാദം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ പ്രിയ അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.
ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച പാട്ടിനെതിരെ പരാതി നല്‍കുന്നതിലൂടെ ചുളുവിൽ പ്രശസ്തിയാകാനുള്ള ലക്ഷ്യമായിരിക്കാം ഇതിനു പിന്നിലുള്ള ചേതോവികാരം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആദ്യ പ്രതികരണം.