Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യന്‍ സിനിമാവ്യവസായം ഒന്നിക്കണം: സോഹന്‍ റോയ്

ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യന്‍ സിനിമാവ്യവസായം ഒന്നിക്കണം: സോഹന്‍ റോയ്
കോട്ടയം , ചൊവ്വ, 4 ഏപ്രില്‍ 2017 (16:43 IST)
ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യന്‍ സിനിമ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. കൂടാതെ സിനിമയുടെ വളര്‍ച്ചയ്ക്ക് ഊഷ്‌മളമായ ആവാസ വ്യവസ്ഥ, നിര്‍മ്മാണ ഘട്ടം മുതല്‍ തീയേറ്ററുകള്‍ വരെ, സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം അദ്ദേഹം പറഞ്ഞു.
 
അനുഗ്രഹീതരായ അഭിനേതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്‌ദ്ധന്‍മാരെ കൊണ്ട് സമ്പുഷ്‌ടമായ ഇന്ത്യന്‍ സിനിമ വ്യവസായം നിര്‍ഭാഗ്യവശാല്‍ ഒരേ സിനിമ നിര്‍മ്മാണ പ്രക്രിയയാണ് കാലങ്ങളായി പിന്തുടര്‍ന്ന് പോരുന്നത്. പ്രാദേശിക ഭാഷ അടിസ്ഥാനമായ പല സിനിമ വ്യവസായങ്ങളും ദശകങ്ങളായി സാങ്കേതികപരമായും വാണിജ്യപരമായും ബോളിവുഡിന് താഴെയാണ് നില്‍ക്കുന്നത്. ആഗോളതലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നൂതനമായ നിര്‍മ്മാണ രീതിയും വിതരണ സമ്പ്രദായവും അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
 
ഉദാഹരണത്തിന്, അത്യന്താധുനികമായ ക്യാമറകള്‍, സ്റ്റുഡിയോകള്‍, പ്രോജെക്ടറുകള്‍, ശബ്‌ദ ഉപകരണങ്ങള്‍, ആധുനിക സൗകര്യങ്ങളുള്ള തീയേറ്ററുകള്‍, അന്താരാഷ്ട്ര വിഷയങ്ങള്‍, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം. കാലത്തിനു അനുസരിച്ച് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്, മാത്രമല്ല ഒരുപാട് സമയവും പണവും ഇത് വഴി ലഭിക്കാനും സാധിക്കും. ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ ആയ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.
 
മുംബൈയിലെ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സിനിമ പത്രപ്രവര്‍ത്തകരെയും എഴുത്തുകാരെയും ആദരിക്കാന്‍ ഇന്‍ഡിവുഡ് മുംബൈ പ്രസ് ക്ലബ്ബില്‍ തിങ്കളാഴ്‌ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ, മാധ്യമ മേഖലകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള നിര്‍ണായക സംഭാവനകളും അശ്രാന്ത പരിശ്രമങ്ങളും പരിഗണിച്ചാണ് മാധ്യമ പുരസ്‌കാരങ്ങള്‍ നല്‍കിയത്.  
 
ഇന്ത്യന്‍ സിനിമ വ്യവസായത്തെ ഒരുമിപ്പിക്കാനും ചലച്ചിത്ര മേഖലയുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരെയെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാനുമുള്ള ശ്രമമാണ് ഇന്‍ഡിവുഡ്. ഭാഷ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നിക്കണം സോഹന്‍ റോയ് ആവശ്യപ്പെട്ടു.
 
ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ നാലു വരെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പടെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ സംബന്ധമായ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിഖ്യാത ചലച്ചിത്ര സംവിധായകരുമായുള്ള ചര്‍ച്ചകള്‍, ബിസിനസ് കൂടിക്കാഴ്ചകള്‍, വിനോദ പരിപാടികള്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നു!