ജെഡിയുവിന്റെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട സിപിഎം നിലപാടിനെ പരിഹസിച്ച് പി.സി.ജോര്‍ജ് എംഎല്‍എ രംഗത്ത്. ഇനി കെ.എം.മാണിയെക്കൂടി ഇടതുമുന്നണിയിലേക്കെടുത്താല്‍ ‘പിണറായി കൂട്ട് കള്ള മുന്നണി’ എന്ന് ഇടതുമുന്നണിയെ വിശേഷിപ്പിക്കാമെന്ന് പി.സി.ജോര്‍ജ് പരിഹസിച്ചു. കോടീശ്വരനായ സോഷ്യലിസ്റ്റുമായി ബന്ധമുണ്ടാക്കിയ സിപിഎം നിലപാട് അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫുമായുള്ള ഒൻപതു വർഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച് മുന്നണി വിട്ട വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തി. തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് ജെഡിയുവിന് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണിയാണ് യുഡിഎഫ്. അന്ന് രണ്ടുവര്‍ഷം മാത്രമാണ് അവര്‍ മുന്നണിയോടൊപ്പം നിന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്.
നിലവില്‍ അവര്‍ ഇതേ മുന്നണിയോടൊപ്പം ഒമ്പത് വര്‍ഷം നിന്നു. അതൊരു വലിയകാര്യമാണെന്നും മുരളീധരന്‍ പരിഹസിച്ചു. ജെഡിയുവിന് സീറ്റ് കൊടുത്തതാണ് നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകരാന്‍ കാരണമായതെന്നും തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുരളീധരന്‍ പ്രതികരിച്ചു.