പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന് പുറത്താക്കപ്പെട്ട പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം. പണം വാങ്ങിയാണ് വോട്ട് മറിച്ച് നല്‍കിയത്. 5000 വോട്ട് നല്‍കാമെന്നായിരുന്നു ധാരണ. എൻഡിഎ സ്ഥാനാർഥി എന്‍ ഹരിയടക്കമുള്ളവര്‍ യുഡിഎഫുമായി ചേര്‍ന്നാണ് ഇടപെടല്‍ നടത്തിയതെന്നും ബിനു ആരോപിച്ചു.
കേരളാ കോൺഗ്രസിലെ (എം) ഒരു ഉന്നതനാണ് വോട്ടുകച്ചവടത്തിന് ഹരിയുമായി ധാരണ ഉണ്ടാക്കിയത്. ഹരി നേരിട്ട് നടത്തുന്ന വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. നേതൃത്വം ആവശ്യപ്പെടുമ്പോൾ തെളിവ് കൈമാറും. മുമ്പ് കെ എം മാണി മത്സരിച്ചപ്പോഴും ഹരി വോട്ട് മറിച്ചു നല്‍കിയിരുന്നു എന്നും ബിനു പറഞ്ഞു.
ഹരിയുടെ ഇടപെടലുകള്‍ തനിക്കറിയാമായിരുന്നു. ഇക്കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്‌തത്. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും താന്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു. ഹരി സ്ഥാനാര്‍ഥിയാകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജിയെന്നും ബിനു വ്യക്തമാക്കി.
തിങ്കളാഴ്‌ച വൈകിട്ടാണ് ബിനു പുളിക്കക്കണ്ടത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായി ബിജെപി നേതൃത്വം അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബിജെപിയില്‍ എത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലു എന്‍ ഹരിക്കൊപ്പം നില്‍ക്കാനായിരുന്നു ബിജെപി നേതൃത്വത്തിന്റെ തീരുമാനം.
ഹരിയുടെ വിജയസാധ്യതതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നായിരുന്നു വിലയിരുത്തല്‍. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നടക്കം ബിനു പുളിക്കണ്ടം വിട്ടുനിന്നു. പല ഘട്ടങ്ങളിലും വിയേജിപ്പ് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതോടെയാണ് ബിനു പുളിക്കണ്ടത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത്.