കരുതലോടെ പിസി ജോര്‍ജ്, കൂടെ നില്‍ക്കാന്‍ എൻഡിഎ; വന്‍ കളിക്ക് ഒരുങ്ങി പാലാ ഉപതെരഞ്ഞെടുപ്പ്!

ചൊവ്വ, 7 മെയ് 2019 (17:25 IST)
പാലാ ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാനൊരുങ്ങി പി സി ജോര്‍ജിന്റെ കേരളാ ജനപക്ഷം പാർട്ടി. എൻ ഡി എയോട് പാലാ സീറ്റ് ആവശ്യപ്പെട്ട് മത്സരരംഗത്ത് ഇറങ്ങാനാണ് തീരുമാനം.

എൻ ഡി എ സമ്മതം മൂളിയാല്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലർ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും.
രക്ഷാധികാരി സ്ഥാനത്തേക്ക് മാത്രമായി ഒതുങ്ങാനാണ് ജോര്‍ജിന്റെ തീരുമാനം.

പാലായിലെ സ്ഥാനാർഥി ആരെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന മെയ് 23ന് ശേഷമേ തീരുമാനിക്കുകയുള്ളുവെന്നും പിസി ജോർജ് വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നീക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ പാര്‍ട്ടിയില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജൂണിൽ നടപടികൾ ആരംഭിക്കും. 14 ജില്ലകളിലും 4 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇവർ പഞ്ചായത്തു. തലത്തിൽനിന്നു തുടങ്ങി ഭാരവാഹി നിർണയം നടത്തും. അതേസമയം, കേരളാ ജനപക്ഷത്തിന്‍റെ നിലവിലുള്ള മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡ പ്രകാരം പാർട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായാണു ഈ നടപടികള്‍ എന്നാണ് ജോര്‍ജ് വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട്
എന്‍ഡിഎയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആണത്തമില്ലെന്നുപറഞ്ഞ് ഭാര്യ ഉപേക്ഷിച്ചു, ഉണ്ടെന്ന് തെളിയിക്കാൻ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കി യുവാവ്