കല്ലടിക്കോട് ദുരന്തം: കൊല്ലപ്പെട്ടത് പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍, മരണം നാലായി
പാലക്കാട് ദേശീയപാതയില്‍ വൈകിട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്
പാലക്കാട് കല്ലടിക്കോട്ട് പനയമ്പാടത്ത് വിദ്യാര്‍ഥികള്‍ക്കു ഇടയിലേക്കു ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരണം നാലായി. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളാണ് മരിച്ചത്. ഒരു വിദ്യാര്‍ഥിക്കു പരുക്കേറ്റു.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കുട്ടികളെ ചികിത്സയ്ക്കു വിധേയരാക്കി. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍.
പാലക്കാട് ദേശീയപാതയില്‍ വൈകിട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ സിമന്റ് ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചു വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് മറിയുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പാലക്കാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ സംഭവസ്ഥലത്തേക്ക് പോകാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.