തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞത്. ആന്‍ജിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ ചികിത്സ കിട്ടിയിട്ടില്ലെന്ന് വേണുവിന്റെ തന്നെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് അധികൃതര്‍. വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയാണ് വേണു മരിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ആശുപത്രി മാത്രമായിരിക്കും ഉത്തരവാദി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ആന്‍ജിയോഗ്രാമിനായി താന്‍ എത്തിയെന്നും ആറ് ദിവസം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഴിമതിയുണ്ട്. അഴിമതി കാരണം അത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂണിഫോമിലുള്ളവരോട് നമ്മള്‍ എന്തെങ്കിലും ചോദിച്ചാല്‍ അവര്‍ പ്രതികരിക്കാതെ ഞങ്ങളെ തുറിച്ചുനോക്കും. വെള്ളിയാഴ്ച രാത്രി ഞാന്‍ ഒരു അടിയന്തര ആന്‍ജിയോഗ്രാമിനായി ഇവിടെ വന്നു. ഇന്ന് ബുധനാഴ്ചയാണ്. ആറ് ദിവസമായി. തിരുവനന്തപുരത്തേക്ക് അടിയന്തര കേസായി റഫര്‍ ചെയ്ത ഒരു രോഗിയാണ് ഞാന്‍. എന്റെ പേരില്‍ അവര്‍ കാണിക്കുന്ന കഴിവില്ലായ്മ എനിക്ക് മനസ്സിലാകുന്നില്ല. ആന്‍ജിയോഗ്രാമിനെക്കുറിച്ച് റൗണ്ട്സിനായി വന്ന ഡോക്ടറോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു. അവര്‍ കൈക്കൂലി വാങ്ങിയാണോ ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല.
തിരുവനന്തപുരം പോലുള്ള ഒരു സ്ഥലത്ത് ഒരു കുടുംബത്തിലെ രണ്ടുപേര്‍ താമസിക്കാന്‍ എത്ര ചിലവാകുമെന്ന് നിങ്ങള്‍ക്കറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാകേണ്ട ആശുപത്രി ഓരോ ജീവനും ഒരു ശാപമായി മാറുകയാണ്. ഞാന്‍ അറിയാതെയാണ് ഇവിടെ വന്നത്. എന്റെ ജീവന്‍ അപകടത്തിലാണെങ്കില്‍ ഇവിടുത്തെ ഉദ്യോഗസ്ഥരാണ് അതിന് ഉത്തരവാദികള്‍. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഈ ശബ്ദം പുറം ലോകത്തെ അറിയിക്കണം എന്നിങ്ങനെയാണ് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഈ ശബ്ദ സന്ദേശം അയച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. വേണു ഒരു ഓട്ടോ ഡ്രൈവറാണ്.