വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; മകൾ ഉപദ്രവിച്ചിട്ടില്ല, നല്ല രീതിയിൽ ആണ് തന്നെ നോക്കുന്നതെന്ന് അമ്മ; വെട്ടിലായത് പൊലീസ്
മകൾക്ക് അനുകൂലമായി മൊഴി നൽകി വൃദ്ധമാതാവ്
പയ്യന്നൂരില്‍ വൃദ്ധമാതാവിനെ മർദ്ദിച്ച സംഭവത്തിൽ മകൾക്ക് അനുകൂലമായി മൊഴി നൽകി അമ്മ. മകൾ ചന്ദ്രമതി തന്നെ മർദ്ദിച്ചിട്ടില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന അമ്മ കാർത്ത്യായനി പൊലീസിനു മൊഴി നൽകി. തന്നെ മർദ്ദിക്കുകയോ പട്ടിണിക്കിടുകയോ ചെയ്തിട്ടില്ലെന്നും മകൾ തന്നെ നല്ല രീതിയിൽ ആണ് സംരക്ഷിക്കുന്നതെന്നും കാർത്ത്യായനി മൊഴി നൽകി.
മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി അമ്മ കാർത്ത്യായനിയെ (75) സ്ഥിരമായി മര്‍ദിക്കുന്നെന്നു കാണിച്ചു സഹോദരന്‍ കുന്നുമ്മല്‍ വീട്ടില്‍ വേണുഗോപാലാണു പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മകളെയും മകളുടെ ഭർത്താവിനേയും പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മകൾ ചന്ദ്രമതിക്കും ഭർത്താവിനുമെതിരെ കേസെടുത്തത്.
75 വയസ്സുകാരിയായ അമ്മ കാർത്ത്യായിനിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പൊലീസടക്കമുള്ള സൗകര്യങ്ങൾ ഇവരുടെ സഹായത്തിനായുണ്ട്. ആശുപത്രിയിൽ കഴിയവെയാണ് കാർത്ത്യായനി മകൾക്ക് അനുകൂലമായി മൊഴി നൽകിയിരിക്കുന്നത്.