സംസ്ഥാനത്ത് ഫ്ലാറ്റുകളുടെയും വലിയ വാണിജ്യകെട്ടിടങ്ങളുടെയും കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ 20 മടങ്ങ് വർധനവ്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് പ്രോജക്ടിന് നേരത്തെ ഒരു ലക്ഷമായിരുന്ന പെർമിറ്റ് ഫീസ് ഇതോടെ 20 ലക്ഷമായി ഉയരും. ഇതിന് പുറമെ തിരുവനന്തപുരം കോർപ്പറേഷൻ 10 ശതമാനം സർഫീസ് ചാർജും ഈടാക്കുന്നുണ്ട്.
കോർപ്പറേഷനുകളിൽ നേരത്തെ 300 ചതുരശ്ര മീറ്ററിന് മുകളിൽ ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു പെർമിറ്റ് ഫീസ്. ഇത് 200 രൂപയായിട്ടാണ് ഉയർത്തിയിട്ടുള്ളത്. നിർമാണസാമഗ്രികളുടെ വിലകൂടി കുതിച്ചുയർന്നതും പെർമിറ്റ് ഫീസ് വർധനവ് കൂടി വരുന്നതോടെ ഫ്ലാറ്റുകളുടെ വില കുതിച്ചുയരുമെന്ന് ബിൽഡർമാർ വ്യക്തമാക്കുന്നു.