Webdunia - Bharat's app for daily news and videos

Install App

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (16:30 IST)
ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരുമെന്നും ഇതു കേരളത്തിന്റെ പാരമ്പര്യമാണെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
 
മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ്. 
എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മള്‍ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്. 
 
അതിനെ ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം. അവരെ ചെറുക്കാനും ഈ നാടിന്റെ യഥാര്‍ത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും  മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. 
 
ത്യാഗത്തിന്റെയും രക്ത്‌സാക്ഷിത്വത്തിന്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു.  അശരണരേയും ആലംബഹീനരേയും ചേര്‍ത്തു നിര്‍ത്തിയ യേശു അനീതികള്‍ക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്. യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യര്‍ക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിര്‍ത്താം. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ക്രിസ്മസ് ആശംസകള്‍ നേരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒക്ടോബറിനു ശേഷം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 391ആയി

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; സൂപ്പര്‍താരത്തെ തിയറ്ററില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചന

ഒറ്റ ദിവസം ഒരു ലക്ഷത്തിലേറെ ഭക്തർ, ശബരിമലയിൽ സീസണിലെ റെക്കോർഡ് തിരക്ക്

പരീക്ഷകളില്‍ കുട്ടികളെ തോല്‍പ്പിക്കുന്ന നയമല്ല കേരളത്തിന്റേത്; കേന്ദ്ര വിജ്ഞാപനത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments