മനുഷ്യജീവന് മുഖ്യമന്ത്രി കല്ലിന്റെ വില പോലും നൽകുന്നില്ല: പി കെ കൃഷ്ണദാസ്
പിണറായി വിജയന്റെ ബിനാമി മാത്രമാണ് ഇ പി ജയരാജൻ: പി കെ കൃഷ്ണദാസ്
ബന്ധു നിയമന വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് രംഗത്ത്. ധാർമികതയുടെ പേരിലാണ് ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചതെങ്കിൽ രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് കൃഷ്ണദാസ് ആരോപിച്ചു.
ഇ പി ജയരാജൻ ഒരു ബിനാമി മാത്രമാണ്. പിണറായി വിജയന്റെ ബിനാമി. സാന്റിയാഗോ മാർട്ടിനിൽനിന്നു പണം വാങ്ങിയതു മുതൽ ബന്ധുനിയമനം വരെയുള്ള എല്ലാ കാര്യങ്ങളുടെയും പിന്നിൽ പിണറായി വിജയനാണ്. മുഖ്യമന്ത്രി മനുഷ്യജീവനുകൾക്ക് കല്ലിന്റെ വില പോലും നൽകുന്നില്ലെന്നും കൃഷ്ണദാസ് ആരോപിച്ചു.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാർബൺ പതിപ്പാണ് തങ്ങളെന്ന് എൽ ഡി എഫ് മൂന്നു മാസം കൊണ്ടു തെളിയിച്ചു. ഒരു വർഷം കൊണ്ട് യു ഡി എഫിനെ മറികടക്കും. സമാധാന ശ്രമങ്ങൾക്കു മുഖ്യമന്ത്രി മുൻകയ്യെടുക്കുകയാണെങ്കിൽ പിന്തുണയുമായി ബിജെപിയുണ്ടാവുമെന്നും കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ ബംഗാൾ മോഡൽ കൊലകൾ നടത്തുന്ന സിപിഎമ്മിനെ ബംഗാളിലെ സ്ഥിതി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.