പ്രായപൂത്തിയാവാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച മുൻ ഇമാം ഷഫീഖ് അൽ ഖാസിമിയെ പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ മധുരയിൽ നിന്നുമാണ് ഷഫീഖ് അൽ ഖാസിമിയെ പൊലീസ് പിടികൂടിയത്. ഖാസിമിയെ ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനെയും ഇവർ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡി വൈ എസ് പി, ഡി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷഫീഖ് അൽ ഖാസിമിയെ പിടികൂടിയത്. ഖാസിമിക്ക് ഒളിവിൽ കഴിയാൻ സഹായമൊരുക്കിയിരുന്ന നൌഷാദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷഫീഖ് അൽ ഖാസിമി തമിഴ്നാട്ടിലുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം മധുരയിലേക്ക് തിരിച്ചു. ഖാസിമി 16 ഇടങ്ങളിലായി വേഷം മാറി ഒളിവിൽ കഴിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പേപ്പാറ വനത്തോട് ചേർന്ന റബ്ബർ തോട്ടത്തിൽ ഖാസിമിയെയും 14 വയസായ പെൺകുട്ടിയെയും സംശയാസ്പദമായ സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാലികൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാതിരുന്നതിനാൻ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
എന്നാൽ തോളിത്തോട് ജമാത്ത് പ്രസിഡന്റ് സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കൌൺസലിംഗിന് ശേഷമാണ് പീഡനത്തിനിരയയതായി പെൺകുട്ടി വ്യക്തമാക്കിയത്. അപ്പോഴേക്കും പ്രതി ഷഫീഖ് അൽ ഖാസിമി ഒളിവിൽ പോയിരുന്നു.