Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചെറിയൊരു പേടിയുണ്ട്'; രാഷ്ട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് അന്‍വര്‍, കാരണം ഇതാണ്

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് അന്‍വറിന്റെ സാമൂഹിക കൂട്ടായ്മയുടെ പേര്

PV Anvar

രേണുക വേണു

, ഞായര്‍, 6 ഒക്‌ടോബര്‍ 2024 (10:35 IST)
ഇന്ന് മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് വ്യക്തമാക്കി പി.വി.അന്‍വര്‍ എംഎല്‍എ. രൂപീകരിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മയാണ്. തുടര്‍ന്ന് ജനങ്ങളുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു. 
 
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് അന്‍വറിന്റെ സാമൂഹിക കൂട്ടായ്മയുടെ പേര്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയുടെ കീഴില്‍ പ്രവര്‍ത്തിക്കാനാണ് അന്‍വറിനെ തീരുമാനം. സിപിഎം സ്വതന്ത്രന്‍ എന്ന നിലയിലാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചു ജയിച്ചത്. അതിനാല്‍ എംഎല്‍എ ആയിരിക്കെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അന്‍വറിനു എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കാം. ഇതു പേടിച്ചാണ് താന്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സാമൂഹിക കൂട്ടായ്മ മാത്രമാണെന്നും അന്‍വര്‍ പറയുന്നത്. 
 
എല്‍ഡിഎഫ് വിട്ട അന്‍വര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.സ്റ്റാലിനു അന്‍വര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, മന്ത്രി സെന്തില്‍ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയുടെ പ്രധാന നേതാക്കളെ മഞ്ചേരിയിലെ പരിപാടിയിലേക്കു എത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. 
 
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയാണ് തമിഴ്‌നാട്ടില്‍ ഭരിക്കുന്നത്. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗവുമാണ് ഡിഎംകെ. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് അന്‍വര്‍ ഡിഎംകെയുമായി ഒത്തുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം'; കാശ് പോയിട്ട് കൈമലര്‍ത്തിയിട്ട് കാര്യമില്ല, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്